തേയില മേഖലയ്ക്ക് പുതിയ സബ്‌സിഡി പദ്ധതികൾ



കുമളി ചെറുകിട തേയില കർഷകരുടെ സുസ്ഥിരമായ വളർച്ചയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് തേയില മേഖലയെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള ടീ ഡെവലപ്മെന്റ്‌ ആൻഡ് പ്രൊമോഷൻ സ്കീമിന് കീഴിൽ ടീ ബോർഡ് ഓഫ് ഇന്ത്യ നിരവധി സംരംഭങ്ങൾ ആരംഭിച്ചു. തേയില വ്യവസായത്തിന്റെ മൊത്തത്തിലുള്ള വികസനവും സുസ്ഥിരതയുമുണ്ടാക്കും.  വ്യക്തികൾക്ക്, ചെറുകിട തേയില കർഷകർക്ക്, എസ്‌എച്ച്‌ജി, എഫ്‌പിഒ, എഫ്‌പിസി മുതലായവയ്ക്ക് നഴ്സറി വളർത്തുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കും. നഴ്സറിയിൽനിന്ന് വളർത്തിവിൽക്കുന്ന ഒരു ചെടിക്ക് പരമാവധി അഞ്ച് രൂപയാണ് സബ്സിഡി. ഉയർന്ന ഗുണമേന്മയുള്ള തേയില കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മാത്രമാണിത്. കുറഞ്ഞത് 15 അംഗങ്ങൾ അടങ്ങുന്ന എസ്എച്ച്‌ജികൾക്ക് അവരുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് പിന്തുണ നൽകുന്നു.  ഗ്രൂപ്പുകൾക്ക് അവരുടെ പ്രവർത്തനശേഷി കൂടുതൽ മെച്ചപ്പെടുത്തുന്നതിന് 25,000 രൂപ വരെ റിവോൾവിങ് കോർപ്പസ് ഫണ്ടും നൽകും, അമ്പതിലധികം ചെറുകിട തേയില കർഷകരുള്ള എഫ്പിഒകൾക്കും എഫ്‌പിസികൾക്കും ഇല ഷെഡുകൾ, ഗ്രീൻ ലീഫ് ട്രാൻസ്പോർട്ട് വാഹനങ്ങൾ, കമ്പ്യൂട്ടർ തുടങ്ങിയവയുടെ സംഭരണത്തിന് അധിക പിന്തുണ ലഭിക്കും. കൂടാതെ എഫ്‌പിഒകൾക്കും എഫ്‌പിസികൾക്കും മൂന്ന് ലക്ഷം രൂപ വരെയുള്ള റിവോൾവിങ് കോർപ്പസ് ഫണ്ടിന് അർഹതയുണ്ട്.    പട്ടികജാതി-പട്ടികവർഗത്തിൽപ്പെട്ട ചെറുകിട തേയില കർഷകർക്ക് എസ്എച്ച്‌ജികൾക്ക് തുല്യമായ സാമ്പത്തിക സഹായത്തിന് അർഹതയുണ്ട്(ചില നിർദ്ദിഷ്ട വസ്തുക്കൾക്ക് മാത്രം) ഓർത്തഡോക്സ്, ഗ്രീൻ, സ്പെഷ്യാലിറ്റി തേയിലകൾക്കായി മിനി ടീ ഫാക്ടറികൾ സ്ഥാപിക്കുന്നതിന് ടീ ബോർഡ് എസ്എച്ച്‌ജി/എഫ്‌പിഒ/എഫ് പിസി എന്നിവയെ സഹായിക്കും. ഈ പദ്ധതിയുടെ ഭാഗമായി, മൊത്തം പദ്ധതിച്ചെലവിന്റെ നാൽപ്പത് ശതമാനം വരെ(33 ലക്ഷം രൂപ പരിധിയിൽ) ധനസഹായം നൽകും. ഈ സ്കീമിനായി എസ്‌സി/എസ്‌ടി വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് 50 ശതമാനം വരെ സഹായത്തിന് അർഹതയുണ്ട്(50 ലക്ഷം രൂപ പരിധിയിൽ) ചെറുകിട തേയില കർഷകർക്കും സ്വയം സഹായ സംഘങ്ങളിലെയും എഫ് പിഒകളിലെയും അംഗങ്ങൾക്ക് മണ്ണ് പരിശോധനയ്ക്ക് നാനൂറ് രൂപ വരെ സാമ്പത്തിക സഹായം നൽകും. ജൈവ സർടിഫിക്കേഷൻ ലക്ഷ്യമിടുന്ന ചെറുകിട കർഷകർക്ക് ഒരു സർടിഫിക്കറ്റിന് രണ്ട് ലക്ഷം രൂപ വരെയും ജൈവ പരിവർത്തനത്തിന് ഹെക്ടറിന് രണ്ട് ലക്ഷം രൂപ വരെയും അർഹതയുണ്ട്. ടീ ബോർഡ് ഫാം ഫീൽഡ് സ്കൂളുകളും (എഫ്എഫ്എസ്)സ്ഥാപിക്കും. ചെറുകിട കർഷകർക്ക് പരിചയസമ്പന്നരായ "ചായ്- ബന്ധു" വഴി പരിശീലനം നൽകും. ഓരോ എഫ്എഫ്എസിനും പ്രതിവർഷം മുപ്പതിനായിരം രൂപ വരെ ധനസഹായം നൽകും. ക്വാളിറ്റി അഷ്വറൻസ് സ്ക്രീമിന് കീഴിൽ അർഹതയുള്ള എസ്‌എച്ച്‌ജി,എഫ്‌പിഒ, എഫ്‌പിസികൾക്ക് ഹെക്ടറിന് പരമാവധി പതിനായിരം രൂപ സാമ്പത്തിക സഹായം നൽകും. ടീ ബോർഡ് ചെറുകിട തേയില കർഷകരുടെയും (പരമാവധി ഒരു ഹെക്ടർ വരെ തേയില പ്രദേശമുള്ള) വൻകിട തേയിലത്തോട്ട തൊഴിലാളികളുടെയും കുട്ടികൾക്ക് വിദ്യാഭ്യാസ സ്റ്റൈപ്പൻഡും നൽകും. ഇത് പ്രാഥമികതലം മുതൽ ബിരുദാനന്തരതലം വരെയുള്ള വിദ്യാർഥികളെ പിന്തുണയ്ക്കുന്നു. യോഗ്യരായ വിദ്യാർഥികൾക്ക് സ്കൂൾ ഫീസിന്റെ മുഴുവൻ കവറേജും ഹോസ്റ്റൽ ചാർജിന്റെ മൂന്നിൽ രണ്ട് ഭാഗവും ലഭിക്കും. പരമാവധി 20,000 രൂപയാണ് സ്റ്റൈപ്പൻഡ്. എസ്‌സി,എസ്ടി ചെറുകിട കർഷകർക്ക് തേയില പ്രദേശത്തിന്റെ പരിധി രണ്ട് ഹെക്ടർ ആയിരിക്കും. 10, 12 ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക് യഥാക്രമം 8,000 രൂപയും 10,000 രൂപയും ഒറ്റത്തവണ സാമ്പത്തിക അവാർഡ് ലഭിക്കും. അടച്ചിട്ട തേയിലത്തോട്ടങ്ങളിലോ പ്രകൃതിക്ഷോഭം ബാധിച്ച എസ്റ്റേറ്റുകളിലോ ഉള്ള തൊഴിലാളികളുടെ മക്കൾക്ക് പുസ്തകങ്ങൾക്കും യൂണിഫോമുകൾക്കുമായി അധിക ഗ്രാന്റുകൾ വാഗ് ദാനം ചെയ്യുന്നു. ഒരു വിദ്യാർഥിക്ക് പ്രതിവർഷം പരമാവധി 5,000 രൂപ ഗ്രാന്റ്  നൽകും. കൂടാതെ, കാൻസർ, വൃക്ക, ഹൃദയം, കരൾ രോഗങ്ങൾ, ഗുരുതരമായ വൈകല്യങ്ങൾ എന്നിവ ബാധിച്ച തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ ആശ്രിതർക്ക് ടീ ബോർഡ് ധനസഹായം നൽകും. തൊഴിലാളികളുടെ ആശ്രിതർക്ക് ചികിത്സാ ചെലവുകൾക്കായി 50,000 വരെ ഒറ്റത്തവണ ഗ്രാന്റ്  ലഭിക്കും. ഓർത്തഡോക്സ്, ഗ്രീൻ ടീ ഉൽപ്പാദിപ്പിക്കുന്ന വൻകിട തേയിലത്തോട്ടങ്ങൾക്ക് (നിർദ്ദിഷ്ട വ്യവസ്ഥകൾക്ക് വിധേയമായി) റീപ്ലാന്റിങ് സബ്സിഡി അർഹമാണ്. ഒരു ഹെക്ടറിന് 25000രൂപയാണ് സബ്‌സിഡി തുക. അപേക്ഷാ സമർപ്പണങ്ങൾക്കായുള്ള ഓൺലൈൻ പോർട്ടൽ 15 മുതൽ പ്രവർത്തനം ആരംഭിക്കും. ഓൺലൈൻ അപേക്ഷകൾക്കായി https://serviceonline.gov.in സന്ദർശിക്കുക. വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കും. Read on deshabhimani.com

Related News