ഹില്ലി അക്വ കടലുകടക്കാൻ ഇനി ദിവസങ്ങള്‍



തൊടുപുഴ  സർക്കാർ കുപ്പിവെള്ളമായ ഹില്ലി അക്വ ​ഗൾഫ് നാടുകളിലേക്ക് കയറ്റി അയയ്‍ക്കുന്ന നടപടികൾ പുരോ​ഗമിക്കുന്നു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനും എക്സ്പോർട്ടിങ് കമ്പനിയുമായി മൂന്നുവർഷ കരാറിൽ ഒപ്പുവച്ചു. കഴിഞ്ഞയാഴ്‍ച മലങ്കരയിൽ മന്ത്രി റോഷി അഗസ്റ്റിൻ കമ്പനി പ്രതിനിധിക്ക് കരാർ കൈമാറി. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഒരു കമ്പനി ഗൾഫ് നാടുകളിലേക്ക് കുപ്പിവെള്ളം കയറ്റി അയയ്‍ക്കുന്നത്.  ദുബായ് ആസ്ഥാനമായ എക്‍സ്‍പോർട്ടിങ് കമ്പനി ആരോഹണ ജനറൽ ട്രേഡിങ് എൽഎൽസിയാണ് ഹില്ലി അക്വ കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്നത്. കണ്ടെയ്‍നർ നൽകേണ്ടത് കമ്പനിയാണ്. ഇത് കോയമ്പത്തൂരുള്ള സ്ഥാപനത്തിലാണ് ഉൽപ്പാദിപ്പിക്കുന്നത്. കമ്പനിയുടെ കൂടി എംബ്ലമുള്ള ലേബലും എത്തിക്കും. ഇവരണ്ടും ലഭ്യമായാൽ എത്രയും വേ​ഗം കയറ്റുമതി ആരംഭിക്കാൻ ഹില്ലി അക്വ തയ്യാറാണെന്ന് അധികൃതർ പറഞ്ഞു.       ഉൽപ്പാദനം ഹില്ലി അക്വയെന്നും വിപണനം ആരോഹണ എൽഎൽസിയെന്നും ലേബലിലുണ്ടാകും. ഒപ്പം വെള്ളത്തിന്റെ ​ഗുണമേന്മ സംബന്ധിച്ച വിവരങ്ങൾ അറബിയിൽ രേഖപ്പെടുത്തിയിരിക്കും. ആദ്യം 20 ലിറ്ററിന്റെ ജാറാകും കയറ്റുമതി ചെയ്യുക. തുടർന്ന് അര, ഒരുലിറ്റർ കുപ്പികളിലും കൊണ്ടുപോകും. ആദ്യഘട്ടത്തിൽ മാസം 30 മുതൽ 40 ലക്ഷം രൂപയുടെ കുപ്പിവെള്ളം കയറ്റി അയയ്‍ക്കാനാണ് തീരുമാനം. ഗൾഫ് വിപണിയുടെ സാധ്യതകൾ കൂടുതൽ മനസ്സിലാക്കിയശേഷം കയറ്റുമതി വർധിപ്പിക്കും. ഇതിലൂടെ 30ശതമാനം വരെ അധിക ലാഭമാണ് ലക്ഷ്യം. ​ഗുണമറിഞ്ഞ് 
വിളിയെത്തി മാസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് നടന്ന ഗ്ലോബൽ ട്രാവൽ മീറ്റ് മുതലാണ് വിദേശത്തേക്ക് ഹില്ലി അക്വ കയറ്റി അയക്കുന്നതിനുള്ള നടപടി തുടങ്ങിയത്. ഇവിടെ ഹില്ലി അക്വയുടെ സ്റ്റാളുണ്ടായിരുന്നു. ഇവിടെനിന്നാണ് ആരോഹണ കമ്പനി കുപ്പിവെള്ളം കയറ്റി അയയ്‍ക്കാൻ താൽപ്പര്യപ്പെട്ടത്. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ നടപടികൾ വേ​ഗത്തിലായി. കയറ്റുമതിക്ക് വേണ്ട ലൈസൻസായ ഇംപോർട്ട്, -എക്സ്പോർട്ട് കോഡ് (ഐഇ കോഡ്) നേടി. ദുബായ് മുനിസിപ്പാലിറ്റി അധികൃതർ ഹില്ലി അക്വയുടെ മലങ്കരയിലെ പ്ലാന്റിലെത്തിയിരുന്നു. ക്വാളിറ്റി കൺട്രോൾ വിഭാഗം രേഖകൾ പരിശോധിച്ചു. കുടിവെള്ളത്തിന്റെ ഗുണമേന്മ നേരിട്ടറിഞ്ഞ ഇവർ കയറ്റുമതിക്ക് അനുമതി നൽകുകയായിരുന്നു.  ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ്(കിഡ്ക്) ഹില്ലി അക്വ നിർമിച്ച് വിതരണംചെയ്യുന്നത്. തൊടുപുഴ മലങ്കരയിലും തിരുവനന്തപുരം അരുവിക്കരയിലുമുള്ള ഡാമുകളിലെ വെള്ളം ഉപയോഗിച്ചാണ് ഉൽപ്പാദനം. Read on deshabhimani.com

Related News