തൊടുപുഴ നഗരസഭയിൽ അഴിമതിരഹിത ജനപക്ഷ 
നിലപാടുകൾ ഉയർത്തിപ്പിടിക്കും: സി വി വർഗീസ്‌



തൊടുപുഴ തൊടുപുഴ നഗരസഭയിൽ എൽഡിഎഫ്‌ അഴിമതിരഹിത ജനപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ഭരണം കാഴ്‌ചവയ്‌ക്കുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌. നഗരസഭാ ചെയർപേഴ്‌സണായി ചുമതലയേറ്റ സബീന ബിഞ്ചുവിന് നൽകിയ സ്വീകരണവും എൽഡിഎഫ് നയവിശദീകരണ യോ​ഗവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും അതിന്‌ ശുപാർശ ചെയ്യുന്നതും കുറ്റമാണ്‌. അതുകൊണ്ടാണ്‌ കൈക്കൂലി കേസിൽ പ്രതിയായ സനീഷ്‌ ജോർജ്‌ രാജിവയ്‌ക്കണമെന്ന നിലപാട്‌ സിപിഐ എം സ്വീകരിച്ചത്. അഴിമതിക്കാർക്കെതിരെ എൽഡിഎഫ്‌ ശക്തമായ നിലപാട്‌ തുടരും. അഴിമതിക്കാരനായ സനീഷ്‌ ജോർജിന്റെ വോട്ട്‌ വേണ്ടെന്ന്‌വയ്‍ക്കാനുള്ള ആർജവം കോൺഗ്രസിനുണ്ടായില്ല. സാമൂഹ്യനീതിയാണ്‌ എൽഡിഎഫ്‌ മുഖമുദ്ര.  നഗരസഭ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും യുഡിഎഫിന്റെ തകർച്ചയുടെ കാലമാണ്‌ വരാനിരിക്കുന്നതെന്നും വർഗീസ്‌ പറഞ്ഞു.  തൊടുപുഴ–- പാലാ റോഡിലെ സിപിഐ എം ഓഫീസ് പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ചു. മിനി സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു. യോ​ഗത്തിൽ സിപിഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി ആർ പ്രമോദ്‌ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, ഏരിയ സെക്രട്ടറിമാരായ മുഹമ്മദ്‌ ഫൈസൽ, ടി ആർ സോമൻ, സിപിഐ സംസ്ഥാന കൗൺസിലംഗം കെ കെ ശിവരാമൻ, ജിമ്മി മറ്റത്തിപ്പാറ, ജോർജ്‌ അഗസ്‌റ്റിൻ, പോൾസൺ മാത്യു, കെ ജയകൃഷ്‌ണൻ, ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.       Read on deshabhimani.com

Related News