കലഹത്തില്‍ കലങ്ങി യുഡിഎഫ്
തൊടുപുഴ വാദങ്ങളും മറുവാദങ്ങളുമായി കലഹക്കലി അടങ്ങാതെ ജില്ലയിലെ യുഡിഎഫ്. തൊടുപുഴ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്‍ച നടത്തിയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും കെട്ടടങ്ങിയിട്ടില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. ലീഗിലെ ആഭ്യന്തര പ്രശ്‍നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് ആവർത്തിക്കുമ്പോൾ കോൺഗ്രസ് രാഷ്‍ട്രീയ വഞ്ചന നടത്തിയെന്നാണ് മറുവാദം. കാലങ്ങളായുള്ള അവഗണനയ്ക്ക് തിരിച്ചടി നൽകിയതാണെന്ന് ലീഗ് നേതാക്കൾ തിങ്കളാഴ്‍ച വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിനിടെ ചൊവ്വ രാവിലെ ഡിസിസി പ്രസിഡന്റും യൂത്ത് ലീഗിലെ ചിലരും തമ്മിൽ വാക്കേറ്റമുണ്ടായതായി വിവരമുണ്ട്. പ്രവർത്തകർക്കിടയിലെ അസംതൃപ്‍തിയാണിത് സൂചിപ്പിക്കുന്നത്. മുസ്ലിം ലീഗ് ആരുടെയും മുകളിൽ കെട്ടിയുണ്ടാക്കിയ കൂടല്ലെന്നും സ്വന്തമായ തിണ്ണബലംകൊണ്ട് ഉണ്ടായതാണെന്നും ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂർ തിങ്കളാഴ്‍ച പറഞ്ഞിരുന്നു. ലീഗ് ചില പോക്കറ്റുകളിലാണുള്ളത്. കേരള കോൺഗ്രസും വ്യത്യസ്‍തമല്ല, അതുകൊണ്ടാണ് ആദ്യടേം കോൺഗ്രസിന് വേണമെന്ന് പറഞ്ഞതെന്ന് ഡിസിസി പ്രസിഡന്റ് സി പി മാത്യു വ്യക്തമാക്കി. പോയാൽ പോകട്ടേയെന്ന നിലപാടാണ് ലീഗ് ഇക്കാര്യത്തിലെടുത്തത്. ഇത് അവരുടെ ഉള്ളിലെ സംഘർഷത്തിന്റെ ഫലമാണ്. ഈ വാറോലയുടെ മുന്നിൽ കോൺഗ്രസ് പരാജയപ്പെടില്ലെന്നും സി പി മാത്യു ആവർത്തിച്ചു. വരും തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ലീഗ് കൂടെ വേണമെന്ന നിർബന്ധം തങ്ങൾക്കില്ല. അവർക്ക് അവരുടെ വഴി, ഞങ്ങൾക്ക് ഞങ്ങളുടെ വഴി. സംസ്ഥാന നേതൃത്വം അറിഞ്ഞാണ് കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയത്. സി പി മാത്യു പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥിയായി കെ ദീപക്കിനെ ലീഗറിയാതെ ഏത് ഘടകമാണ് നിർദേശിച്ചതെന്ന് കേരള കോൺഗ്രസ് വ്യക്തമാക്കണമെന്ന് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യുഡിഎഫ് യോഗം ബഹിഷ്‍കരിച്ച് കേരള കോൺഗ്രസ് ഇറങ്ങിപ്പോയശേഷം യുഡിഎഫ് യോഗം ചേരുകയോ സ്ഥാനാർഥിയെ നിർണയിക്കുകയോ ചെയ്‍തിട്ടില്ല. പിന്നെങ്ങനെയാണ് ദീപക് സ്ഥാനാർഥിയായത്. ലീഗിനോട് കാണിച്ച രാഷ്‍ട്രീയ നെറികേടിന് കേരള കോൺഗ്രസ് വലിയ വിലനൽകേണ്ടിവരും. ലീഗ് വ്യക്തമാക്കി. പടലപ്പിണക്കങ്ങളും അധികാരമോഹങ്ങളും പരസ്യമായതോടെ ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരാവുകയാണ് യുഡിഎഫ്. Read on deshabhimani.com