മൂന്നാറിൽ സഞ്ചാരിത്തിരക്ക്‌



മൂന്നാർ   പൂജ അവധി ചെലവഴിക്കാൻ മൂന്നാറിലെത്തിയത് പതിനായിരങ്ങൾ. മൂന്നുദിവസമായി എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികളെക്കൊണ്ട്‌ നിറഞ്ഞു. തമിഴ്നാട്ടിൽനിന്നുള്ള സഞ്ചാരികളാണ് കൂടുതൽ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇരവികുളം ദേശീയോദ്യാനം, വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമല എന്നിവടങ്ങളിൽ വൻതിരക്ക് അനുഭവപ്പെട്ടു. വനംവകുപ്പ് ഒരുക്കിയിട്ടുള്ള ബഗ്ഗി കാറിൽ രാജമലയുടെ മുകളറ്റം വരെയുള്ള യാത്രയാണ്‌ വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക്‌ ഏറ്റവും പ്രിയം. അരികിലെത്തുന്ന വരയാടുകളും കൗതുകക്കാഴ്‌ചയാണ്‌. 
    പൂർണമായും ഓൺലൈൻ വഴിയുള്ള ബുക്കിങ്ങാണ്‌ ഒരുക്കിയിരിക്കുന്നത്‌. പഴയ മൂന്നാറിൽ ഹൈഡൽ ടൂറിസത്തിന്റെ കീഴിലുള്ള ബ്ലോസം പാർക്കിലും നല്ല തിരക്കാണ്‌. സിപ്‌ലൈൻ സാഹസികത ആസ്വദിച്ചവരും നിരവധി. ഡിടിപിസിയുടെ ബൊട്ടാണിക്കൽ ഗാർഡൻ, കെഎഫ്ഡിസിയുടെ റോസ് ഗാർഡൻ, ഫോട്ടോ പോയിന്റ്‌, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്‌ എന്നിവിടങ്ങളിലെല്ലാം സഞ്ചാരികൾ കൂട്ടത്തോടെയെത്തി. മൂന്നാറിലും സമീപത്തുമുള്ള റിസോർട്ട്, കോട്ടേജ്, ഹോം സ്റ്റേ തുടങ്ങിയവയെല്ലാം സഞ്ചാരികളെകൊണ്ട് നിറഞ്ഞു. മുൻകൂർ ബുക്ക് ചെയ്തവർക്കുമാത്രമാണ്‌ മുറികൾ ലഭിച്ചത്. കേന്ദ്രങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ കച്ചവടവും പൊടിപൊടിച്ചു. സന്ദർശനം കഴിഞ്ഞ് മടങ്ങിയ വാഹനങ്ങൾ മണിക്കൂറുകളോളം കുരുക്കിൽ കിടന്നതിനു ശേഷമാണ് കടന്നുപോയത്. Read on deshabhimani.com

Related News