ഒറ്റരാത്രിയിൽ 2500 കവുങ്ങ് വെട്ടിനശിപ്പിച്ചു
മറയൂർ കാന്തല്ലൂർ പഞ്ചായത്തിലെ കോര്യനാട് ഭാഗത്തെ ഏഴ് ഏക്കർ ഭൂമിയിൽ കൃഷി ചെയ്‌ത് വന്നിരുന്ന 2500 ലധികം കവുങ്ങുകൾ സമൂഹവിരുദ്ധർ ഒറ്റരാത്രി വെട്ടിനശിപ്പിച്ചു. മൈക്കിൽഗിരി കൊല്ലംപാറയിൽ വടക്കുംപറമ്പിൽ സൈമൺ, ഡേവിസ് സഹോദരങ്ങളുടെ അഞ്ച് ഏക്കറിൽ കൃഷി ചെയ്‌ത രണ്ട് മുതൽ അഞ്ച് വർഷം പ്രായമായ രണ്ടായിരത്തോളം കവുങ്ങുകളും ഇതിന് സമീപത്തെ രാജു രാജാമണിയുടെ രണ്ട് ഏക്കർ കൃഷി ഭൂമിയിലെ അഞ്ഞൂറോളം കവുങ്ങുകളുമാണ് സമൂഹവിരുദ്ധർ വെട്ടി നശിപ്പിച്ചത്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കവുങ്ങ് കൃഷി ചെയ്യുന്ന പ്രദേശമാണ് ഇവിടം. കൃഷി സ്ഥലത്തിന് സമീപത്ത് ആൾ താമസമില്ലാത്തതിനാൽ രാവിലെ ഇതിന് സമീപത്ത്കൂടി നടക്കാനിറങ്ങിയ സിപിഐ എം മറയൂർ സൗത്ത് ലോക്കൽ സെക്രട്ടറി ചന്ദ്രൻ രാജയാണ് കവുങ്ങുകൾ വെട്ടിയിട്ടിരിക്കുന്നത് കണ്ടത്. ഉടനെ സ്ഥലം ഉടമയായ സൈമനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മറയൂർ പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. മറയൂർ പൊലീസ് ഇൻസ്‌പെക്ടർ ടി ആർ ജിജു, എസ് ഐ റഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് സമീപത്തെ രാജുവിന്റെ കവുങ്ങുകളും വെട്ടിയിട്ടിരിക്കുന്നതായി കാണുന്നത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ അടയ്ക്ക സീസണിൽ ഈ പറമ്പിൽനിന്ന് മോഷ്ടിച്ചവർക്കെതിരെ പൊലീസിൽ കേസ് കൊടുക്കുകയും അവരെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാകാം ഇതിന് കാരണമായതെന്ന് സ്ഥലത്തിന്റെ ഉടമയായ വടക്കുംപറമ്പിൽ സൈമൺ പൊലീസിനോട് പറഞ്ഞു. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി ടി തങ്കച്ചൻ, കൃഷി ഓഫീസർ ഹുബൈബ് ഹസൻ, പഞ്ചായത്തംഗം എസ്തർ, മറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ തോമസ്, സിപിഐ എം മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ എന്നിവരും സ്ഥലത്ത് എത്തി കർഷകൻ പൂർണപിന്തുണ നൽകി. Read on deshabhimani.com