ചൂണ്ടയിട്ട് പ്രതിഷേധിച്ച് 
വ്യാപാരികള്‍



  കട്ടപ്പന കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ടിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി സമിതി. ബസ് സ്റ്റാൻഡിലേക്കുള്ള അപ്രോച്ച് റോഡുകൾ നന്നാക്കാത്തതിലും സ്റ്റാൻഡിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാത്തതിലും പ്രതിഷേധിച്ചാണ് വ്യാപാരികളുടെ വേറിട്ടസമരം. മഴ പെയ്താലുടൻ സ്റ്റാൻഡിൽ വെള്ളക്കെട്ട് രൂപപ്പെടും. ഇത് കാൽനട, വാഹനയാത്രികർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാണ്. ഓടകളില്ലാതെ മഴവെള്ളം ഇവിടെ കെട്ടിനിൽക്കുന്നു. ഇടശേരി ജങ്ഷനിൽനിന്ന് സ്റ്റാൻഡിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ല. കട്ടപ്പന സഹകരണ ആശുപത്രിയിലേക്കുള്ള പ്രധാനപാതയാണിത്. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ വാഹനഗതാഗതം ദുഷ്‌കരമായി. കട്ടപ്പന നഗരത്തെ പിന്നോട്ടടിക്കുന്ന നഗരസഭ ഭരണസമിതിയുടെ ജനദ്രോഹ നയങ്ങൾ തിരുത്തണമെന്നും വെള്ളക്കെട്ടിന് അടിയന്തര പരിഹാരമുണ്ടാക്കിയില്ലെങ്കിൽ നാട്ടുകാരെ അണിനിരത്തി സമരം ശക്തമാക്കുമെന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് ഉദ്ഘാടനം ചെയ്തു. എം ആർ അയ്യപ്പൻകുട്ടി, പി ജെ കുഞ്ഞുമോൻ, പി ബി സുരേഷ്, ആൽവിൻ തോമസ്, പി കെ സജീവൻ, എം ജഹാംഗീർ, ശോഭന അപ്പു എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News