ഉത്രാടപ്പാച്ചിൽ കഴിഞ്ഞു; ഇന്ന് പൊന്നോണം

ഉത്രാടദിനത്തിൽ കട്ടപ്പന മാർക്കറ്റിലെ തിരക്ക്


ഇടുക്കി പൊന്നിൻ തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. തിരുവോണം കെങ്കേമമാക്കാൻ മലയാളികൾ നെട്ടൊടമോടുന്ന ഉത്രാടനാളിലെ പാച്ചിൽ കടന്നു. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്നാണ് പഴമക്കാർ പറയാറ്‌. എന്നാലിപ്പോൾ ഓണമുണ്ണാൻ മലയാളിക്ക്‌ ഒന്നും വിൽക്കേണ്ടതില്ല. സർക്കാർ സംവിധാനങ്ങൾവഴി അവശ്യവസ്‌തുക്കളെല്ലാം ന്യായവിലയ്‌ക്ക്‌ സാധാരണക്കാരുടെ കൈകളിലെത്തി. പൊതുവിതരണ സംവിധാനത്തിലൂടെ ആറുലക്ഷം മഞ്ഞക്കാർഡ്‌ ഉടമകൾക്ക്‌ സൗജന്യ ഓണക്കിറ്റ്‌ വിതരണം ചെയ്‌തു. കൂടാതെ സപ്ലൈകോ, കൺസ്യൂമർഫെഡ്‌, കുടുംബശ്രീ എന്നിവയുടെ ഓണച്ചന്തകളും മേളകളും. ഓണം കേമമാക്കാനുള്ളതെല്ലാം അടുക്കളയിലെത്തി. അവസാനവട്ട സാധനങ്ങളെല്ലാം ഉത്രാടദിനത്തിലെ പാച്ചിലിനൊടുവിൽ നേടി. അച്ചാറുകൾ, ഉപ്പേരി, ശർക്കരവരട്ടി തുടങ്ങി സദ്യയ്‌ക്കായുള്ള ചില വിഭവങ്ങളും ഉത്രാടരാത്രിയിൽ തയാർ. പൂക്കളങ്ങൾ, ഓണക്കളി ചിരികൾ. ആഘോഷം പൊടിപൊടിക്കുകയാണ് ബന്ധുമിത്രാദികൾക്കൊപ്പം. കട്ടപ്പന പൊന്നോണത്തിനു മുമ്പുള്ള ഉത്രാടപ്പാച്ചിൽ കട്ടപ്പന നഗരത്തിൽ വൻ തിരക്ക്. ഓണസദ്യയ്ക്ക് വിഭവങ്ങളൊരുക്കാനും ഓണക്കോടി വാങ്ങാനുമായി മാർക്കറ്റുകളിലും വസ്ത്ര വ്യാപാരശാലകളിലും രാവിലെ ആരംഭിച്ച ജനത്തിരക്ക് അർധരാത്രി വരെ നീണ്ടു. വൈകുന്നേരത്തോടെ നഗരം ഗതാഗതക്കുരുക്കിലായി. സഹകരണ സ്ഥാപനങ്ങളും കൃഷിവകുപ്പും സപ്ലൈകോയും കുടുംബശ്രീയും ഓണച്ചന്തകളും വിപണികളും വിപണന കേന്ദ്രങ്ങളുമൊരുക്കിയിരുന്നു. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഓണച്ചന്തകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. Read on deshabhimani.com

Related News