അവധിയാഘോഷിക്കാൻ മലകയറി പതിനായിരങ്ങൾ



ഇടുക്കി അക്ഷരങ്ങൾ പൂജയ്‌ക്കുവച്ച്‌ അവധിയാഘോഷിക്കാൻ മലകയറിയെത്തിയത്‌ പതിനായിരങ്ങൾ. മഹാനവമി, വിജയദശമി ഉൾപ്പെടെ പൂജാ അവധി ദിനങ്ങളിൽ ജില്ലയിൽ അനുഭവപ്പെട്ടത്‌ സഞ്ചാരികളുടെ അഭൂതപൂർവമായ തിരക്ക്‌. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വാഗമൺ മൊട്ടക്കുന്ന്, സാഹസിക ഉദ്യാനം, പാഞ്ചാലിമേട്, അരുവിക്കുഴി, രാമക്കൽമേട്, ഹിൽവ്യൂ പാർക്ക്, ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ്, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, മാട്ടുപ്പെട്ടി, ആമപ്പാറ എന്നീ കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികൾ ഒഴുകിയെത്തി. മുൻ വർഷങ്ങളെക്കാൾ കൂടുതൽ ഇടുക്കിവിനോദസഞ്ചാരികളാണ്‌ ഇത്തവണ ഇടുക്കി സന്ദർശിക്കാനെത്തിയത്‌. മാട്ടുപെട്ടി 1835, രാമക്കൽമേട്‌ 6550, അരുവിക്കുഴി 837, ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ് 3600, വാഗമൺ മൊട്ടക്കുന്ന്‌ 23,516, വാഗമൺ സാഹസികോദ്യാനം 22,038, പാഞ്ചാലിമേട്‌ 5972, ഹിൽ വ്യൂ പാർക്ക്‌ 4103, ബൊട്ടാണിക്കൽ ഗാർഡൻ 5327, ആമപ്പാറ 3135 എന്നിങ്ങനെയാണ്‌ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി എത്തിയ സഞ്ചാരികളുടെ കണക്ക്‌. മൂന്നുദിനം 76,913 സഞ്ചാരികൾ. വാഗമൺ മൊട്ടക്കുന്നിലും സാഹസികോദ്യാനത്തിലുമാണ്‌ ഏറ്റവുമധികം പേരെത്തിയത്‌. മൊട്ടക്കുന്നിൽ വെള്ളി 5163, ശനി 11,565, ഞായർ 6788 സഞ്ചാരികളും സാഹസികോദ്യാനത്തിൽ വെള്ളി 5547, ശനി 8547, ഞായർ 7944 സഞ്ചാരികളുമെത്തി. ആകെ 45,554 പേർ വാഗമൺ സന്ദർശിച്ചുമടങ്ങി.  കൂടാതെ മൂന്നാർ, കാന്തല്ലൂർ, വട്ടവട, കുമളി തുടങ്ങിയ നിരവധി ജനപ്രിയകേന്ദ്രങ്ങളും ആനയടിക്കുത്ത്‌, തൊമ്മൻകുത്ത്‌, ഞണ്ടിറുക്കി, ചീയപ്പാറ, തൂവാനം, വളഞ്ഞങ്ങാനം തുടങ്ങിയ ജലപാതങ്ങളും പൊന്മുടി, നേര്യമംഗലം, കുണ്ടള, കുളമാവ്‌, കല്ലാർകുട്ടി, മൂന്നാർ ഹെഡ്‌വർക്‌സ്‌, പള്ളിവാസൽ തുടങ്ങിയ അണക്കെട്ടുകളും സന്ദർശിക്കാൻ നിരവധിയാളുകളെത്തി. Read on deshabhimani.com

Related News