കാഴ്‌ചകളുടെ കാൽവരി

കാൽവരി മൗണ്ട് വ്യൂപോയിന്റിൽ ഞായറാഴ്‌ച അനുഭവപ്പെട്ട തിരക്ക്‌


ഇടുക്കി പൂജാ അവധിദിനങ്ങളിൽ കാൽവരി മൗണ്ടിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌. മഹാനവമി, വിജയദശമി ഉൾപ്പെടെ കഴിഞ്ഞ മൂന്ന്‌ ദിനങ്ങളിലായി 8,625 സഞ്ചാരികളാണ്‌ ഇവിടം സന്ദർശിച്ചത്‌. വെള്ളി 1,542, ശനി 4,081, ഞായർ 2,642 എന്നിങ്ങനെയാണ്‌ കാൽവരി മൗണ്ടിൽ എത്തിയവരുടെ കണക്ക്‌. ഇടുക്കി ടൂറിസം സർക്യൂട്ടിലെ പ്രധാന കേന്ദ്രമാണ്‌ കാൽവരി മൗണ്ട് വ്യൂപോയിന്റ്‌. മലയടിവാരത്ത്‌ പരന്നുകിടക്കുന്ന നിത്യഹരിത വനവും നീല ജലാശയത്തിലെ കുഞ്ഞുദ്വീപുകളും ശാന്തമായി ഉറങ്ങുന്ന ഇടുക്കി ജലസംഭരണിയും ചേർന്ന്‌ ജലഛായച്ചിത്ര സമാനമായ ‘ലാൻഡ്‌സ്‌കേപ്‌ വ്യൂ’ സമ്മാനിക്കും. 700 അടിയോളം താഴ്​ചയിൽ ഇടുക്കി അണക്കെട്ടിന്റെ ജലശേഖരം ചിത്രകാരന്റെ കാൻവാസിലെന്നപോല കാഴ്‌ച്ചാവിസ്‌മയം തീർക്കുന്നു.  കട്ടപ്പന–-ഇടുക്കി ദേശീയപാതയിൽ കാൽവരി മൗണ്ട് ജങ്​ഷനിൽനിന്ന് ഒരു കിലോമീറ്ററോളം മുകളിലേക്ക്‌ കയറിയാൽ ഇവിടെയെത്താം. സന്ദർശകർക്ക് 25 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് സന്ദർശകരിൽ ഏറെയും. കൂടാതെ തെക്കൻ ജില്ലകളിൽനിന്നും അന്യസംസ്ഥാനത്തുനിന്നുവരെയുള്ള സഞ്ചാരികളുമെത്തി. 50ലേറെ റിസോർട്ടുകളും ഹോംസ്റ്റേകളും ഇവിടെ പ്രവർത്തിക്കുന്നു. ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാനുള്ള സൗകര്യവും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക്‌ എത്താനുള്ള സൗകര്യവും കണക്കിലെടുത്ത്‌  കാൽവരി മൗണ്ട്‌ തെരഞ്ഞെടുക്കുന്നവർ നിരവധി.   Read on deshabhimani.com

Related News