വകുപ്പുതല ഉദ്യോഗസ്ഥ യോഗം മന്ത്രി വിളിക്കും
ഇടുക്കി വട്ടവട മേഖലയിലെ കുറിഞ്ഞിമല സങ്കേതത്തിലെ നിവാസികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരമായി ഉദ്യാനത്തിന്റെ സെറ്റില്‍മെന്റ് ഓഫീസറായി പ്രത്യേക ചുമതല നല്‍കി ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യം പരിഗണനയിലാണെന്ന് റവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു. അഡ്വ. എ രാജ എംഎൽഎ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി അറിയിച്ചത്. മാത്രമല്ല, വിഷയങ്ങള്‍ പരിഹരിക്കുന്നതിന് എംഎൽഎ, റവന്യു, വനം, സര്‍വേ തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കും. ദേവികുളം താലൂക്ക് വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 62, കൊട്ടക്കാമ്പൂര്‍ ബ്ലോക്ക് നമ്പര്‍ 58 എന്നിവയില്‍പ്പെട്ട പട്ടയഭൂമി ഒഴിവാക്കിയുള്ള 3200 ഹെക്ടറാണ് കുറിഞ്ഞിമല ഉദ്യാനം. വനം സെറ്റില്‍മെന്റ് ഓഫീസറായി ദേവികുളം ആര്‍ഡിഒ യെ 2015 ലാണ് നിയമിച്ചത്. വനംവകുപ്പിന്റെ ഉദ്ദേശ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ഈ വില്ലേജുകളിലെ പട്ടയഭൂമികള്‍ ഒഴിവാക്കി കുറിഞ്ഞിമല അതിരുകള്‍ പുനര്‍നിര്‍ണയം നടത്താൻ 2018 ലും 2020 ലും റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു. കലക്ടറുടെ അധികാരം നല്‍കി സ്പെഷല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നത് സബ് കലക്ടര്‍മാരെയാണ്. എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കണം എന്നതിനാൽ ലാൻഡ് റവന്യു ജോയിന്റ് കമീഷണറായിരുന്ന ഡോ. എ കൗശികിനെ സ്പെഷല്‍ ഓഫീസറായി 2020ല്‍ നിയമിച്ചു. ഹെഡ് ഓഫീസിൽ പ്രധാന ചുമതല വഹിച്ചിരുന്നതിനാൽ കുറിഞ്ഞി ഉദ്യാന ചുമതല കാര്യക്ഷമമായി നിര്‍വഹിക്കാനായില്ല. പകരം ദേവികുളം സബ് കലക്ടര്‍ക്ക് അധിക ചുമതല നല്‍കി 2022ല്‍ ഉത്തരവായി. പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങള്‍ സെറ്റില്‍മെന്റ് ഓഫീസറാണ് ഉദ്യാന പ്രദേശത്തുള്ള പട്ടയഭൂമിയുടെ തണ്ടപ്പേര്‍ പരിശോധന നടത്തേണ്ടത്. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുകള്‍ നിര്‍ണയിക്കുക, ഭൂമി പ്രശ്നം പരിഹരിക്കുക, സര്‍വേ നടത്തുക, പട്ടയങ്ങളുടെ ആധികാരികത പരിശോധിക്കുക, ഉദേശ വിജ്ഞാപനത്തില്‍പ്പെട്ട ഭൂമിയില്‍ താമസിച്ച് കൃഷിചെയ്ത് വരുന്നവരെ ഒഴിപ്പിക്കാതെ അവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് പരിഹരിക്കപ്പെടേണ്ടവ. ഇതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വനഭൂമിയും പട്ടയഭൂമിയും തിട്ടപ്പെടുത്തണം. ഇതെല്ലാം പരിഹരിക്കുന്നതിനാണ് സെറ്റില്‍മെന്റ് ഓഫീസറായി പ്രത്യേക ചുമതല നല്‍കി ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഇതോടൊപ്പം വിജ്ഞാപനവുമായി ബന്ധപ്പെട്ട ചില നിയമ പ്രശ്നങ്ങളില്‍ അഡ്വ. ജനറലിനോട് ഒരു നിയമോപദേശം സ്പെഷല്‍ ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു. നിയമോപദേശം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സ്പെഷല്‍ ഓഫീസര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. അതിരുകള്‍ തിട്ടപ്പെടുത്തുന്നതിന് ഡിജിറ്റല്‍ സര്‍വേയും പരിഗണനയിലാണ്. Read on deshabhimani.com