വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആഘോഷത്തിരക്ക്

മൂന്നാറിലെ വാഹനത്തിരക്ക്


 ഇടുക്കി ഓണാവധി ആഘോഷിക്കാൻ നാട് ഇടുക്കിയിലേക്കൊഴുകുന്നു. സ്‍കൂള്‍ അടച്ചതോടെ സഞ്ചാരികള്‍ കുടുംബമായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങിളിലേക്കെത്തുകയാണ്. സെപ്‍തംബര്‍ ഒമ്പതുമുതല്‍ തിരുവോണ നാളായ 15 വരെയുള്ള ഏഴുദിവസങ്ങളില്‍ 33,456 പേരാണ് ഡിടിപിസിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. ഇതില്‍നിന്ന് പ്രവേശന നിരക്ക് ഇനത്തില്‍ 8,36,400 രൂപയാണ് വരുമാനം ലഭിച്ചത്. ഉത്രാടം, തിരുവോണം ദിവസങ്ങളിലായിരുന്നു കൂടുതല്‍ തിരക്ക്. രണ്ടുദിവസത്തില്‍ മാത്രം 21,314 പേരെത്തി. സ്‍കൂള്‍ അടച്ച 13ന് 3949 പേരുമെത്തി.  പതിവുപോലെ വാ​ഗമണ്ണിലേക്കായിരുന്നു കൂടുതല്‍ സഞ്ചാരികളെത്തിയത്. ഏഴുദിവസത്തില്‍ 18,185 പേര്‍. ഇതില്‍ വാ​ഗമണ്‍ മൊട്ടക്കുന്നുകളുടെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ 11,373 പേരും സാഹസിക പാര്‍ക്കിലേക്ക് 6812 പേരുമാണ് വന്നത്. സാഹസിക പാര്‍ക്കിലെ ലോകശ്രദ്ധ നേടിയ ചില്ലുപാലം ജൂണ്‍ മുതല്‍ അടച്ചിട്ടിരിക്കുന്നത് വിനോദസഞ്ചാരത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മൊട്ടക്കുന്നുകളിലെത്തുന്ന അത്രയും തന്നെയോ അതിലേറെയോ സഞ്ചാരികള്‍ സാഹസിക പാര്‍ക്കിലും എത്തേണ്ടതായിരുന്നു. കാലാവസ്ഥ പ്രതികൂലമായതോടെയാണ് ചില്ലുപാലം അടച്ചിട്ടത്. മൂന്നാര്‍ ബൊട്ടാണിക്കല്‍ ​ഗാര്‍ഡനിലും സഞ്ചാരികള്‍ കൂട്ടമായെത്തി. ഏഴുദിവസത്തില്‍ 3477 പേര്‍. 3210 പേരെത്തിയ പഞ്ചാലിമേടാണ് മൂന്നാമത്. അരുവിക്കുഴിയാണ് സഞ്ചാരികള്‍ കുറവ് സന്ദര്‍ശിച്ചയിടം. 735 പേര്‍ മാത്രമാണെത്തിയത്. മാട്ടുപ്പെട്ടി 1095, രാമക്കല്‍മേട് 2461, എസ്‍എന്‍ പുരം 1882, ഹില്‍വ്യൂ പാര്‍ക്ക് 2411 എന്നിങ്ങനെയാണ് സഞ്ചാരികളുടെ കണക്ക്. ഓണാവധി അവസാനിക്കാൻ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ സഞ്ചാരികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തിരക്കേറി മൂന്നാറും മൂന്നാര്‍ ഓണം പ്രമാണിച്ച് മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്കുണ്ടായിരുന്നു. മാട്ടുപ്പെട്ടി, രാജമല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളെത്തി. ഓൺലൈൻ ബുക്കിങ് ആയതിനാല്‍ സഞ്ചാരികൾക്ക് ടിക്കറ്റിനായി വരിനിൽക്കേണ്ടി വന്നില്ല. രാജമലയിലെത്തിയ സഞ്ചാരികളെ വനം വകുപ്പിന്റെ വാഹനങ്ങളിൽ വരയാടുകൾ കൂട്ടമായി നിൽക്കുന്ന പ്രദേശങ്ങളിലേക്ക് കൊണ്ടുപോയി. വരയാടുകളുടെ ജീവിതരീതിയും രാജമലയുടെ ചരിത്രവും ഉള്‍പ്പെടുന്ന ഡോക്യൂമെന്ററിയും ഒരുക്കിയിട്ടുണ്ട്. രാജമല അഞ്ചാംമൈലിൽനിന്നും മലമുകളിലേക്ക് സഞ്ചാരികളെ എത്തിക്കാൻ പ്രത്യേകം ബഗ്ഗി കാറുകളുണ്ട്. മാട്ടുപ്പെട്ടിയിലും നല്ല തിരക്കുണ്ടായി. വയനാട് ദുരന്തത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയധികം സഞ്ചാരികൾ മൂന്നാറിലെത്തിയത്. സന്ദര്‍ശകരുടെ  വാഹനങ്ങള്‍ മണിക്കൂറുകളോളം ക്യൂവില്‍ കിടന്നശേഷമാണ് കടന്നുപോയത്. Read on deshabhimani.com

Related News