രാജാക്കാടിന് സമീപം റോഡ് 
ഇടിഞ്ഞുതാഴ്‌ന്നു



ചെമ്മണ്ണാർ - ഗ്യാപ് റോഡിൽ രാജാക്കാട് ടൗണിന് സമീപം റോഡ് ക്രോസ്ബാർ ഉൾപ്പെടെ ഇടിഞ്ഞുതാഴ്‌ന്നു. എല്ലക്കൽ റൂട്ടിൽ രാജാക്കാടിന് സമീപം കളിക്കൽപടി ഭാഗത്ത് തിങ്കളാഴ്ച പെയ്ത ശക്തമായ മഴയിലാണ് ക്രോസ്ബാർ ഉൾപ്പെടെ 30 അടിതാഴ്ചയിലുള്ള കണ്ടത്തിലേക്ക് മണ്ണും ചെളിയുമെല്ലാം ഒഴികിപ്പോയത്. ഏകദേശം 50 മീറ്ററോളം നീളത്തിലും 30 അടിയോളം താഴ്ചയിലും വരുന്ന ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കാതെ കരാറുകാരൻ നിർമാണം നടത്തിയതാണ് പാതയുടെ തകർച്ചക്കിടയാക്കിയത്.  റോഡിടിഞ്ഞുണ്ടായ വെള്ളപ്പാച്ചിലിൽ ലക്ഷങ്ങളുടെ കൃഷിനാശവുമുണ്ടായി. പ്രദേശവാസികളുടെ കപ്പ, വാഴ,  പച്ചക്കറി ഉൾപ്പെടെയുള്ള കൃഷി നശിച്ചു. റോഡ് വീതി കൂട്ടി പുനർനിർമിച്ചിട്ട് ആറുമാസം പോലുമായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കൊച്ചി– - ധനുഷ്‌കോടി ദേശീയപാതയിൽ ഗ്യാപ്പ് റോഡിൽ ഗതാഗതം നിയന്ത്രിക്കുമ്പോഴെല്ലാം തമിഴ്നാട്ടിൽനിന്ന് മൂന്നാറിലേക്കുള്ള വാഹന സർവീസും ഇതുവഴിയാണ് തിരിച്ചുവിടുന്നത്. റോഡ് പരിചയക്കുറവുള്ള വിനോദസഞ്ചാരികളുടെ  വാഹനങ്ങളുടെ ഡ്രൈവർമാർക്ക് റോഡ്തകർന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തതിനാൽ അപകടസാധ്യത കൂടുതലാണ്.  രാജാക്കാട്നിന്നും എറണാകുളം, കോട്ടയം, മൂവാറ്റുപുഴ, മൂന്നാർ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസിയും സ്വകാര്യബസുകളുമുൾപ്പെടെ നിരവധി സർവീസുകളും വിവിധ സ്കൂൾ -കോളേജ് ബസുകളും നിത്യേന പോകുന്നതും  ഇതുവഴിയാണ്. Read on deshabhimani.com

Related News