വീണ്ടും ഹിയറിങ് 21ന്
ഇടുക്കി ചൊക്രമുടി കൈയേറ്റവുമായി ബന്ധപ്പെട്ട് ഹിയറിങ്ങിന് ഹാജരാവാൻ ആവശ്യപ്പെട്ട 49 സ്ഥലം ഉടമകളിൽ 33 പേരെത്തി മൊഴിനൽകി. ദേവികുളം ആർഡിഒ ഓഫീസിൽ സബ്‌കലക്ടർ വി എം ജയകൃഷ്‌ണന്റെ നേതൃത്വത്തിലായിരുന്നു സ്ഥലരേഖകൾ പരിശോധിച്ചത്. പ്രത്യേക ആന്വേഷക സംഘത്തിലെ ഉൾപ്പെടെ 10 റവന്യു ഉദ്യോഗസ്ഥരും ഹിയറിങ്ങിൽ പങ്കെടുത്തു. പട്ടയത്തിന്റെ അപാകം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അതിലെന്തങ്കിലും ഇനി ബോധ്യപ്പെടുത്താനുണ്ടെങ്കിൽ 21ന് വീണ്ടും ഹിറിങ് നടത്താനുള്ള നോട്ടീസും നൽകി. ആധാരം, മുൻ ആധാരം, കരം അടച്ച രസീത് തുടങ്ങിയ ഭൂ രേഖകളാണ് സ്ഥലം ഉടമകൾ കാണിച്ചത്. അതിലെ കുറവുകൾ അന്വേഷക സംഘം ബോധ്യപ്പെടുത്തി. ഇതിനുശേഷമാണ് പട്ടയവും തണ്ടപ്പേരും റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ ബോധ്യപ്പെടുത്താൻ ഒരവസരംകൂടി നൽകുന്നത്. ഹിറിങ്ങിന് എത്താതിരുന്നവർക്ക് വീണ്ടും നോട്ടീസ് അയക്കും. ചൊക്രമുടിയിൽ പരിസ്ഥിതി പ്രാധാന്യമുള്ള 15 ഏക്കറാണ് കൈയേറി അനധികൃത നിർമാണം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായത്. ഉദ്യോഗസ്ഥർ നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്ന് നേരത്തെ അന്വേഷക സംഘം കണ്ടെത്തിയിരുന്നു. ദേവികുളം തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, ബൈസൺവാലി മുൻ വില്ലേജ് ഓഫീസർ, ഉടുമ്പൻചോല മുൻ താലൂക്ക് സർവേയർ എന്നിവരെ സർവീസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്താനായിരുന്നു ഉത്തരവ്. റവന്യു വകുപ്പിന് റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് ലാൻഡ് റവന്യു കമീഷണർ നടപടിയെടുക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ശുപാർശ ചെയ്‌തിരുന്നു. ലാൻഡ് റവന്യു കമീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ കലക്ടറോട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ആവശ്യപ്പെട്ടിട്ടുണ്ട്. Read on deshabhimani.com