കടയ്‌ക്ക് പേരില്ലെങ്കിലും രുചി പെരുമയിൽ
രാജാക്കാട് കടയ്‌ക്ക് പ്രത്യേക പേരില്ലെങ്കിലും രുചിപ്പെരുമയിൽ നാടറിയുന്ന ചായക്കട. രാജാക്കാട് ടൗണിൽ പതിവ് കാഴ്‍ചകളിലൊന്ന് ഷാഹറിന്റെ ചായക്കടയിലെ തിരക്കാണ്. കാരണം നിസാരം, വീട്ടിലെ രുചിയിൽ ഒരുങ്ങുന്ന കലർപ്പില്ലാത്ത ഭക്ഷണം. രുചിയുടെ കലവറ എന്നൊക്കെ പറയുംപോലെ. നൂറുകണക്കിനാളുകൾ ഈ കുഞ്ഞുചായക്കടയ്‍ക്ക് മുന്നിൽ കാത്തുനിന്ന് ഭക്ഷണം കഴിക്കണമെങ്കിൽ അതിന് പിന്നിൽ രുചിയല്ലാതെ മറ്റെന്ത്. കൃത്രിമക്കൂട്ടുകളില്ലാതെ തനി നാടൻ ഭക്ഷണം. ഉച്ചയൂണാണ് ഷാഹറിന്റെ കടയിലെ താരം. എത്രനേരം നിന്നാലും വേണ്ടില്ല, ഇവിടുന്നേ കഴിക്കൂന്ന് നിർബന്ധം എല്ലാവർക്കും. ശരിക്കും വീട്ടിലെ ഊണ്. രാവിലെ ആറുമുതൽ കടയിൽ ഭക്ഷണം റെഡി. പ്രഭാത ഭക്ഷണത്തിന് പുട്ട്, അപ്പം, പൊറോട്ട തുടങ്ങിയവയ്‍ക്കൊപ്പം കപ്പയും മീൻ കറിയും. ഉച്ചയായാൽ ഊണിനൊപ്പം മധ്യ തിരുവതാംകൂറിന്റെ എരിവും പുളിയും പിടിച്ച അസൽ മീൻ കറിയെത്തും. പോത്തുകറി, കോഴിക്കറി തുടങ്ങിയവയും സ്‍പെഷ്യലുകൾ. ഷാഹറിന്റെ പുളി ചമ്മന്തിക്കും ഇഷ്ടക്കാരേറെയാണ്. വൈകിട്ട് ചെറുകടികൾ നിരക്കും. രാത്രി എട്ടുവരെ ഇതിങ്ങനെ നീളും. ഏഴ് വർഷമായി രാജാക്കാട് ടൗണിൽ കട നടത്തുകയാണ് ഷാഹർ. നാട്ടുകാരും പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും രുചിപ്പെരുമ കേട്ടറിഞ്ഞ് എത്തുന്നുണ്ട്. ഉമ്മ സുലൈഖ, ഭാര്യ ജിഷ, മക്കൾ ബാദുഷ, അഖിൽഷാ, ഇഷ എല്ലാവരും കടയിൽ സഹായത്തിനൊപ്പമുണ്ട്. Read on deshabhimani.com