40 മെഗാവാട്ട് തൊട്ടിയാർ ജലവൈദ്യുതി യാഥാർഥ്യത്തിലേക്ക്
ഇടക്കി യുഡിഎഫ് സർക്കാർ സ്‌തംഭിപ്പിച്ച തൊട്ടിയാർ ജലവൈദ്യുതി പദ്ധതി യാഥാർഥ്യത്തിലേക്ക്. വൈദ്യുതിനിലയം ഉൽപാദന ട്രയൽറൺ വിജയകരമായതോടെ കമീഷനിങിന് സജമായി. ആകെ 40 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ ഉദ്‌ഘാടനം ഉടനുണ്ടാവും. 10 മെഗാവാട്ടിന്റെ പരീക്ഷണം ജൂലൈയിലും 30 മെഗാവാട്ടിന്റെ ട്രയൽറൺ ഈമാസം ആദ്യവും നടന്നിരുന്നു. പദ്ധതിക്ക് രണ്ട് മെഷീനുകളാണുള്ളത്. പരിശോധനയിൽ മെഷീനുകളല്ലാം പ്രവർത്തനക്ഷമമാണ്. യുഡിഎഫ് ഭരണകാലത്ത് പലവിധ കാരണങ്ങളാൽ ഇട്ടിഴച്ചും സ്‌തംഭിപ്പിച്ചും മുന്നോട്ടുകൊണ്ടുപോകാനായില്ല. എന്നാൽ ജനകീയ സർക്കാർ വന്നതോടെയാണ് പൂർത്തീകരണത്തിലേക്ക് എത്തിയത്. പദ്ധതിയുടെ ഭാഗമായി ദേവിയാർ പുഴയ്ക്ക് കുറുകെ വാളറയിൽ 222 മീറ്റർ നീളത്തിലും ഏഴര മീറ്റർ ഉയരത്തിലുമുള്ള തടയണ നിർമിച്ചു. ഈ തടയണയിൽനിന്നുള്ള ജലമാണ് വൈദ്യുതി ഉൽപാദിപ്പിക്കാനെടുക്കുക. നീണ്ടപാറയിൽ നിർമിച്ചിട്ടുള്ള നിലയത്തിൽ പെൻസ്‌റ്റോക്ക് പൈപ്പുവഴി വെള്ളമെത്തിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കും വിധമാണ് പദ്ധതി ക്രമീകരണം. പവർഹൗസിനോട് ചേർന്ന് രണ്ടായി തിരിഞ്ഞ് 90 സെന്റീമീറ്ററും 140 സെന്റീമീറ്ററും വ്യാസമുള്ള പൈപ്പുകളിലൂടെ മെഷീനിലെത്തിയാണ് വൈദ്യുതോൽപാദനം. അനുബന്ധമായി 60 മീറ്റർ നീളമുള്ള ലീഡിങ് ചാനലും നിർമിച്ചിട്ടുണ്ട്. 199 മീറ്റർ നീളവും 2.05 മീറ്റർ വ്യാസവുമുള്ള തുരങ്കവും 1,252 മീറ്റർ ദൂരവും 2.05 മീറ്റർ വ്യാസവുമുള്ള പെൻസ്റ്റോക്കും ഇതിന്റെ ഭാഗമാണ്. വെള്ളം വൈദ്യുതി നിലയത്തിലെത്തിച്ച് ടർബൈൻ ഷാഫ്‌ട് പ്രവർത്തിപ്പിച്ചാണ് ഉൽപാദനം. അന്തിമ പരിശോധനകളെല്ലാം പൂർത്തിയായി. 2009ൽ എൽഡിഎഫ് സർക്കാരാണ് തൊട്ടിയാർ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ നിർമാണത്തിന് തുടക്കമിട്ടത്. ടെൻഡർ പൂർത്തിയായത് 207 കോടി രൂപയ്ക്കാണ് . വീണ്ടും 2018ൽ എസ്റ്റിമേറ്റ് പുതുക്കി 280 കോടിക്ക് വീണ്ടും ടെൻഡർ പൂർത്തിയാക്കി. വൈദ്യുതി മന്ത്രിയായിരുന്ന എം എം മണി എംഎൽഎ സജീവമായി ഇടപെട്ടു. തുടർന്ന് നിർമാണം വേഗത്തിലാക്കി. ആദ്യം നൽകിയ കരാർ റദ്ദാക്കിയതും പുതിയത് കണ്ടത്തേണ്ടിവന്നതും കോവിഡ് മഹാമാരിയുമെല്ലാം നിർമാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇവയെല്ലാം അതിജീവിച്ചാണ് പദ്ധതി കമീഷൻ ചെയ്യുന്നത്. തൊട്ടിയാർ മുതൽ പത്താംമൈലിന് സമീപം വരെയുള്ള പുഴയുടെ ഇരുകരകളിലുമായി 10 ഹെക്ടറോളം ഭൂമിയാണ് പദ്ധതിക്കായി വൈദ്യുതി വകുപ്പ് ഏറ്റെടുത്തത്. Read on deshabhimani.com