മൂന്നാർ– സൈലന്റ്‌വാലി റോഡ് നിർമാണം പുരോഗമിക്കുന്നു
മൂന്നാർ പ്രളയത്തിൽ തകർന്ന മൂന്നാർ–- സൈലന്റ്‌വാലി റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. അഡ്വ. എ രാജ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് ആറുകോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമിക്കുന്നത്. മൂന്നാറിൽനിന്ന് സൈലന്റ്‌വാലി എസ്റ്റേറ്റ് വരെയുള്ള 21 കിലോമീറ്റർ റോഡിലാണ് പണി നടക്കുന്നത്. 2018 ലെ പ്രളയത്തെതുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 200 മീറ്റർ ദൂരത്തിൽ റോഡ് ഒലിച്ചുപോയിരുന്നു. ഇതോടെ നൂറുകണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന എസ്റ്റേറ്റുകളിലേക്ക് ഗതാഗതം പൂർണമായി തടസപ്പെട്ടു. അധികംദൂരം യാത്രചെയ്തും കൂടുതൽ പണം ചെലവഴിച്ചുമാണ് ആളുകൾ എസ്റ്റേറ്റിലേക്ക് പോയിരുന്നത്. റോഡ് നന്നാക്കണമെന്ന നാട്ടുകാരുടെ നിരന്തര അഭ്യർഥനമാനിച്ച് അഡ്വ. എ രാജ എംഎൽഎയുടെ ശ്രമഫലമായാണ് റോഡ് പണി തുടങ്ങിയത്. രണ്ട് മാസങ്ങൾക്കകം പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കെഎസ്ആർടിസിയുടെ രണ്ട് ബസുകൾ സൈലന്റ് വാലിയിലേക്ക് സർവീസ് നടത്തിയിരുന്നു. റോഡ് തകർന്നതോടെ സർവീസ് നിലച്ചു. റോഡ് യാഥാർഥ്യമാകുന്നതോടെ സർവീസ് പുനരാംരംഭിക്കാനാകും. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രവും കൂടിയാണ് സൈലന്റ്‌വാലി. Read on deshabhimani.com