കമ്പത്ത് വർക്ക്ഷോപ്പിൽ തീപിടിത്തം: വാഹനങ്ങൾ കത്തി

കമ്പത്തെ വർക്ക് ഷോപ്പിൽ വാഹനങ്ങൾക്ക് തീപിടിച്ചപ്പോൾ


 കുമളി കമ്പത്ത് വണ്ടിപ്പെരിയാർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിൽ വാഹനങ്ങൾ കത്തി ലക്ഷങ്ങളുടെ നഷ്ടം. കമ്പം എംസിഎസ് നഗറിൽ പ്രവർത്തിക്കുന്ന വണ്ടിപ്പെരിയാർ തേങ്ങാക്കൽ മ്ലാമല സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിൽ തീപിടിത്തമുണ്ടായി. വെള്ളി രാവിലെയാണ് ശ്രദ്ധയിൽപ്പെടുന്നത്. തീപിടിത്തം ഉണ്ടായ വിവരം നാട്ടുകാരാണ് അനീഷിനെ അറിയിക്കുന്നത്. പരിസരവാസികൾ അറിയിച്ചതിനെത്തുടർന്ന് കമ്പത്തുനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.   ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങൾ വിലവരുന്ന വാൻ ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ കത്തിനശിച്ചു. തകരാർ പരിഹരിച്ച് മാറ്റിയിട്ടിരുന്ന വാഹനങ്ങളാണ് തീപിടിത്തത്തിൽ നശിച്ചത്. ഷെഡിൽ  ഉണ്ടായിരുന്ന  നാലു വാഹനങ്ങളിൽ തീ പടർന്നില്ല. വ്യാഴം രാത്രി വർക്ക് ഷോപ്പ് പൂട്ടി ഉടമയും തൊഴിലാളികളും പോയിരുന്നു.   വർക്ക്ഷോപ്പ് വളപ്പിൽ നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലർ വാനും നാല് കാറുകളും കത്തിനശിച്ചു. അഗ്നിരക്ഷാസേന എത്തിതീ അണച്ചതിനാൽ ഷെഡിനുള്ളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തീയിൽ നിന്ന് രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചതെന്ന് സംശയിക്കുന്നു.  തീപിടിത്തത്തിൽ 14.5 ലക്ഷം രൂപയുടെ നാശനഷ്‌ടമുണ്ടായെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തത്തെക്കുറിച്ച് വർക്ക്ഷോപ്പ് ഉടമ അനീഷ് നൽകിയ പരാതിയിൽ കമ്പം സൗത്ത് പൊലീസ് സ്‌റ്റേഷൻ എസ്ഐ അൽഫോൺസ് രാജ് അന്വേഷണം നടത്തി.     Read on deshabhimani.com

Related News