അന്തര്‍ സംസ്ഥാന ചന്ദനമാഫിയ സംഘത്തിലെ 5 പേര്‍ അറസ്റ്റില്‍
നെടുങ്കണ്ടം അന്തർസംസ്ഥാന ചന്ദന മോഷണസംഘത്തിലെ അഞ്ചുപേർ കൂടി വനപാലകരുടെ പിടിയിലായി. ചെരുവിളപുത്തൻവീട് ബിജു അജികുമാർ(44), സഹോദരൻ എസ് ഷിബു(40), തൂക്കുപാലം ബ്ലോക്ക് നമ്പർ 484ൽ സച്ചു ബാബു(25) എന്നിവരെ തിങ്കളാഴ്ച രാവിലെയും ഇവരിൽ നിന്ന് ലഭിച്ചവിവരത്തെ തുടർന്ന് ചോറ്റുപാറ കളത്തിൽ ബാബു ജോസഫ്(അങ്കിൾ- 61), രാമക്കൽമേട് തെള്ളിയിൽ ഹസൻ കുഞ്ഞ്(57) എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച വാഗണർ കാറും 55 കിലോ ചന്ദനവും പിടിച്ചെടുത്തു. സന്യാസിയോടയിൽനിന്ന് ചന്ദനമരം വെട്ടിക്കടത്തിയ കേസിൽ ഇവർ ഒളിവിലായിരുന്നു. മുഖ്യപ്രതികളിലൊരാളായ ചോറ്റുപാറ സ്വദേശി കണ്ണൻ(ലഗീരൻ 35) കർണാടകയിലേക്ക് കടന്നതായാണ് വിവരം. ഷിബുവിന്റെ വീട്ടിൽ ചന്ദനമരം ഒരുക്കുന്നതിനിടെ ഉടുമ്പന്നൂർ ചെരുവുപറമ്പിൽ സുനീഷ് ചെറിയാൻ(36) പിടിയിലായതോടെയാണ് മാഫിയ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. 45 കിലോ തൂക്കംവരുന്ന ചന്ദനത്തടിയും ആയുധങ്ങളുമായി സുനീഷിന്റെ പക്കൽനിന്ന് കണ്ടെടുത്തിരുന്നു. കേരളത്തിൽനിന്ന് മോഷ്ടിക്കുന്ന ചന്ദനം തമിഴ്നാട്ടിൽ എത്തിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. കുമളി റേഞ്ച് ഓഫീസർ എ അനിൽകുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജോജി എം ജേക്കബ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് ദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി എസ് നിഷാദ്, അനിലാൽ, അരുൺ ജോയി, ഇ എസ് ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. Read on deshabhimani.com