തൊടാം അറിവിന്റെ ആകാശം
ഇടുക്കി അറിവിന്റെ ആകാശത്തിൽ മാറ്റുതെളിയിക്കാൻ കുരുന്നുപ്രതിഭകൾ. ഏഷ്യയിലെ വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ- 13 ഇടുക്കി ജില്ലാതലമത്സരം ഞായറാഴ്ച കട്ടപ്പന ഗവ. ട്രൈബൽ എച്ച്എസ്എസിൽ നടക്കും. സയൻസ് പാർലമെന്റും സംഘടിപ്പിക്കും. രാവിലെ 8.30ന് രജിസ്ട്രേഷൻ, 9.30ന് പൊതുസമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ ഉദ്ഘാടനം ചെയ്യും. അക്ഷരമുറ്റം സംസ്ഥാന കോ –ഓർഡിനേറ്റർ പ്രദീപ് മോഹൻ വിഷയാവതരണം നടത്തും. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ആർ ഷാജിമോൻ മുഖ്യാതിഥിയാകും. 10ന് ടാലന്റ് ഫെസ്റ്റ് ആരംഭിക്കും. ദൃശ്യശ്രാവ്യ സംവിധാനങ്ങളോടെയാണ് മത്സരം. നെടുങ്കണ്ടം എംഇഎസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി സി നന്ദജൻ സയൻസ് പാർലമെന്റ് നയിക്കും. സംഘാടക സമിതി ചെയർമാൻ വി ആർ സജി സമ്മാനങ്ങൾ വിതരണം ചെയ്യും. ജില്ലയിലെ ഏഴ് ഉപജില്ലകളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ 56 പേരാണ് എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി മത്സരിക്കുന്നത്. ഉപജില്ലയിൽ നാലുവിഭാഗങ്ങളിൽ ഒന്നാമതെത്തിയ സ്‌കൂളുകൾക്ക് പ്രത്യേക പുരസ്‌കാരം നൽകും. ജില്ലാതല വിജയികൾക്ക് യഥാക്രമം 10,000, 5000 രൂപ ക്യാഷ് അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. ഹൈം ഗൂഗിൾ ടിവിയും കല്യാൺ ജ്വല്ലേഴ്‌സുമാണ് മുഖ്യ പ്രായോജകർ. വൈറ്റ് മാർട്ട്, വെൻകോബ്, ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്, സിയാൽ, സൂര്യ ഗോൾഡ് ലോൺ, ജോസ്‌കോ ജ്വല്ലേഴ്സ്, ഇമേജ് മൊബൈൽസ് ആൻഡ് കമ്പ്യൂട്ടേഴ്സ്, വള്ളുവനാട് ഈസി മണി, ഗ്ലോബൽ അക്കാദമി, ബാങ്ക് ഓഫ് ബറോഡ, സൂര്യ പസഫിക് ഫിനാൻഷ്യൽ സർവീസ് എന്നീ സ്ഥാപനങ്ങൾ സഹ പ്രായോജകരാണ്. പുതുമയോടെ സയൻസ് പാർലമെന്റ് ശാസ്ത്രവിഷയത്തിൽ താൽപര്യമുള്ള ജില്ലയിലെ എച്ച്എസ്, എച്ച്എസ്എസ് വിഭാഗം വിദ്യാർഥികളാണ് സയൻസ് പാർലമെന്റിൽ പങ്കെടുക്കുന്നത്. നെടുങ്കണ്ടം എംഇഎസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി സി നന്ദജൻ ശാസ്ത്രമേഖലയുടെ കുതിപ്പുകൾ അറിവായി പകരും. ബന്ധപ്പെട്ട സംശയനിവാരണത്തിനും ആശയസംവാദത്തിനും കുട്ടികൾക്ക് അവസരമുണ്ട്. Read on deshabhimani.com