ജില്ലയിൽ ഇനി 834 വാർഡ്‌



  ഇടുക്കി  സംസ്ഥാനത്തെ വാർഡ്‌ വിഭജനത്തിന്റെ കരട്‌ വിജ്ഞാപനം പുറത്തുവന്നപ്പോൾ ജില്ലയിലാകെ 42 വാർഡുകൾ വർധിച്ചു. 52 പഞ്ചായത്തുകളിൽ 39ലും വാർഡ്‌ വർധനവുണ്ട്‌. 792 വാർഡുകളിൽനിന്ന്‌ 834 വാർഡായി വർധിച്ചു. മൂന്നാർ, ദേവികുളം, പീരുമേട്‌ പഞ്ചായത്തുകളിൽ ഓരോ വാർഡുവീതം കുറഞ്ഞു. അതേസമയം പത്ത്‌ പഞ്ചായത്തുകളിൽ എണ്ണത്തിൽ മാറ്റമില്ല. കൊന്നത്തടി, പള്ളിവാസൽ, പാമ്പാടുംപാറ, ഉടുമ്പൻചോല, കഞ്ഞിക്കുഴി, അറക്കുളം, കാമാക്ഷി, ഉപ്പുതറ, പെരുവന്താനം, ഏലപ്പാറ പഞ്ചായത്തുകളിലാണ്‌ വർധനവില്ലാത്തത്‌. അടിമാലി പഞ്ചായത്തിൽ മൂന്നും നെടുങ്കണ്ടം, വണ്ണപ്പുറം, വണ്ടൻമേട്‌, കുമളി പഞ്ചായത്തുകളിൽ രണ്ടുവീതവും വാർഡ്‌ വർധിച്ചിട്ടുണ്ട്‌. ഇതോടെ അടിമാലി, നെടുങ്കണ്ടം, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിൽ 24 വാർഡുകൾ വീതമായി. രണ്ട്‌ നഗരസഭകളിലായി നാല്‌ വാർഡുകളും വർധിച്ചിട്ടുണ്ട്‌. കട്ടപ്പന നഗരസഭയിൽ ഒരുവാർഡ്‌ വർധിച്ച്‌ 35 ആയി. തൊടുപുഴയിൽ 35 വാർഡുകളിൽനിന്ന്‌ മൂന്ന്‌ വാർഡുകൾ വർധിച്ച്‌ 38 ആയി.  ജില്ലാ പഞ്ചായത്തിലും ഒരുവാർഡ്‌ വർധിച്ചിട്ടുണ്ട്‌. ഇതോടെ വാർഡുകളുടെ എണ്ണം 17 ആയി. ജില്ലയിലെ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ ആകെ എട്ട്‌ വാർഡ്‌ വർധിച്ചിട്ടുണ്ട്‌. നിലവിലുണ്ടായിരുന്ന 104 ൽനിന്ന്‌ 112 ആയി ഉയരും.  കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബർ മൂന്നുവരെ നൽകാം. ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറിക്കോ ജില്ലാ കലക്ടർക്ക് നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. മൂന്ന് ഘട്ടങ്ങളിലായാണ് പുനർവിഭജനപ്രക്രിയ നടക്കുന്നത്. Read on deshabhimani.com

Related News