ആരു തളയ്ക്കും ചന്ദനമാഫിയയെ?
നെടുങ്കണ്ടം തൂക്കുപാലം, രാമക്കൽമേട് പ്രദേശങ്ങളിലെ സ്വകാര്യ ഭൂമിയിലെ ചന്ദനം വെട്ടിക്കടത്ത് തുടങ്ങിയിട്ട് വർഷങ്ങൾ. വനം വകുപ്പ് ഉന്നതരുടെ ഒത്താശയും സഹായവും മാഫിയായ്ക്ക് ഉണ്ടെന്നും ആക്ഷേപമുണ്ട്. അന്തർസംസ്ഥാന ചന്ദന മോഷണ സംഘത്തിലെ അഞ്ചുപേർ കൂടി കഴിഞ്ഞദിവസം പിടിയിലായതോടെയാണ് കേസിന് വഴിത്തിരിവായത്. സന്യാസിയോടയിൽനിന്ന് ചന്ദനമരം വെട്ടിക്കടത്തിയ കേസിൽ ഇവർ ഒളിവിലായിരുന്നു. മുഖ്യപ്രതികളിലൊരാളായ ചോറ്റുപാറ സ്വദേശി കണ്ണൻ(ലഗീരൻ 35) കർണാടകയിലേക്ക് കടന്നതായാണ് വിവരം. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. ചെരുവിളപുത്തൻവീട് ബിജു അജികുമാർ, സഹോദരൻ എസ് ഷിബു, തൂക്കുപാലം ബ്ലോക്ക് നമ്പർ 484ൽ സച്ചു ബാബു, ചോറ്റുപാറ കളത്തിൽ ബാബു ജോസഫ്, രാമക്കൽമേട് തെള്ളിയിൽ ഹസൻ കുഞ്ഞ് എന്നിവരാണ് പിടിയിലായത് . 2022 ലെ രാമക്കൽമേട് ചന്ദനമോഷണം കേസ് ഉൾപ്പെടെ പ്രത്യേക അന്വേഷണസംഘം തുടരന്വേഷിക്കുന്നുണ്ട്. ചന്ദനത്തടികൾ ലഭിച്ച സംഭവം അന്ന് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. അതിന്ശേഷം സമീപത്തെ പൊട്ടക്കിണറ്റിൽനിന്ന് ചന്ദനത്തടികൾ കണ്ടെടുത്തു.മോഷ്ടാക്കൾ 60 അടി താഴ്ചയുള്ള കിണറ്റിലാണ് ഉപേക്ഷിച്ചത്. അഗ്നിരക്ഷാസേനാ മുങ്ങൽ വിദഗ്ധരെ കിണറ്റിലിറക്കിയാണു തടിക്കഷണങ്ങളുടെ ഭാഗം പുറത്തെടുത്തത്. രാമക്കൽമേട്ടിലെ ചന്ദനമോഷണം സംബന്ധിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണു മോഷ്ടാക്കൾ ചന്ദന തടിക്കഷണങ്ങൾ കിണറ്റിൽ ഉപേക്ഷിച്ചത്. അന്ന് കേസിൽ പ്രതികളെ ആരെയും പിടികൂടിയിരുന്നില്ല. പ്രദേശവാസികളായ ചിലരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചില സൂചനകൾ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് മുന്നോട്ടുപോയില്ല. ഇതിനിടയിലാണ് അന്തർസംസ്ഥാന മോഷണസംഘത്തെ വനംവകുപ്പ് പിടികൂടുന്നത്. സമീപകാലങ്ങളിൽ മേഖലയിൽ നടന്നിട്ടുള്ള ചന്ദനമോഷണങ്ങൾക്ക് പിന്നിൽ ഈ സംഘമാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതിനാൽതന്നെ 2022ലെ കേസ് ഉൾപ്പെടെ പുനരന്വേഷണം നടത്തുമെന്നാണ് സൂചന. Read on deshabhimani.com