വട്ടവടയുടെ ദുരിതങ്ങൾ പങ്കുവച്ച് നിയമസഭ സമിതി



ഇടുക്കി വട്ടവട മാതൃകാ ഗ്രാമം പദ്ധതി സംബന്ധിച്ച വിഷയങ്ങൾക്ക് പുറമെ, പൊതു പ്രശ്നങ്ങൾ കൂടി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേരള നിയമസഭയുടെ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് സംബന്ധിച്ച സമിതി ചെയർമാൻ ടി പി രാമകൃഷ്ണൻ എംഎൽഎ.  വട്ടവട പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഭരണസമിതി അംഗങ്ങളുമായി സമിതി അംഗങ്ങൾ നടത്തിയ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടവടയിലെ റോഡ് വികസനം ത്വരിതപ്പെടുത്തണം, വട്ടവടയിലും പരിസര പ്രദേശങ്ങളിലുമായി വളർന്നുവരുന്ന ടുറിസം രംഗത്ത് ജനങ്ങളെക്കൂടി ഭാഗവാക്കാക്കണം. മാതൃകാ ഗ്രാമപദ്ധതിക്ക് നീക്കി വച്ച സ്ഥലം എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിനെപ്പറ്റി വ്യക്തത വരുത്താൻ സർക്കാറിന് റിപ്പോർട്ട് നൽകുമെന്ന് ടി പി രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു.  108 പട്ടികജാതി കുടുംബങ്ങൾക്ക് വീടുവച്ച്‌ നൽകുന്നതായിരുന്നു മാതൃകാ ഗ്രാമം പദ്ധതി. പല വിധ കാരണങ്ങളാൽ പദ്ധതി നടപ്പായില്ല. തുടർന്നാണ് ലോക്കൽ ഫണ്ട് അക്കൗണ്ട്സ് സമിതി അംഗങ്ങൾ വട്ടവടയിലെത്തി യോഗം വിളിച്ച് ചേർത്തത്. വട്ടവട മാതൃക ഗ്രാമം പദ്ധതിയുടെ പ്രവർത്തനം സംബന്ധിച്ച ഓഡിറ്റ് പരാമർശങ്ങളും നിയമസഭ സമിതി വിലയിരുത്തി. അംഗങ്ങളും എംഎൽഎമാരുമായ എ സി മൊയ്തീൻ, ടി ഐ മധുസൂദനൻ, എൽദോ പി കുന്നപ്പിള്ളി, കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ,  അഡ്വ. എ രാജ എംഎൽഎ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. യോഗശേഷം സമിതി അംഗങ്ങൾ പദ്ധതി പ്രദേശം സന്ദർശിച്ചു  Read on deshabhimani.com

Related News