തങ്കമണി ടൗണിൽ തീപിടിത്തം; കട പൂർണമായും നശിച്ചു
ചെറുതോണി തങ്കമണി ടൗണിലുണ്ടായ തീപിടിത്തത്തിൽ ഒരു കട പൂർണമായും കത്തി നശിച്ചു. സമീപത്തുള്ള കടകൾക്ക് ചെറിയരീതിയിൽ നാശനഷ്ടമുണ്ടായി. കല്ലുവിളയിൽ പുത്തൻവീട്ടിൽ വർഗീസ്(ജോയി കോശി) എന്നയാളുടെ ഉടമസ്ഥതയിലുള്ള കല്ലുവിളയിൽ സ്റ്റോഴ്സിലാണ് തീപിടിത്തമുണ്ടായത്. 30 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് ഉടമ പറയുന്നു. വ്യാഴം രാവിലെ 5.30 നാണ് സംഭവം. ഷോർട്ട്സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം. പത്രവിതരണത്തിനെത്തിയ വിജയൻ, ജയൻ എന്നിവരാണ് കടക്കുള്ളിൽ തീ കത്തുന്നത് ആദ്യം കണ്ടത്. ഇവർ ബഹളംവച്ചതിനുശേഷമാണ് സമീപവാസികൾ വിവരമറിയുന്നത്. ഓടും തടിയും മുൻവശം തട്ടിയുപയോഗിച്ച് നിർമിച്ച കെട്ടിടത്തിൽ തീ ആളിപടർന്നു. പലചരക്ക്, പച്ചക്കറി, ഇരുമ്പുസാധനങ്ങൾ, ഉണക്കമീനുൾപ്പെടെ എല്ലാ സാധനങ്ങളും വിൽക്കുന്ന കടയായിരുന്നു. വിവരമറിഞ്ഞയുടനെ സമീപത്തെ തങ്കമണി പൊലീസും സമീപവാസികളും ചേർന്ന് തീയണക്കുകയായിരുന്നു. ചെറുതോണിയിൽനിന്നും കട്ടപ്പനയിൽനിന്നും അഗ്നിരക്ഷാഉദ്യോഗസ്ഥരും എത്തിയിരുന്നു. തീ പടിച്ചയുടൻ നിമിഷനേരം കൊണ്ട് കട തീഗോളമായി മാറി. കടയുടെ ഒരു ഭാഗത്ത് 12 ലധികം ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇവയും ഒന്നിനു പുറകേ ഒന്നായി പൊട്ടിത്തെറിച്ചു. സിലിണ്ടറുകൾക്കും, എണ്ണടിന്നുകൾ എന്നിവയ്ക്ക് തീപിടിച്ചതോടെ ആളുകൾക്ക് പ്രദേശത്തേക്ക് അടുക്കാൻ കഴിയാതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതിനിടെ കെട്ടിടത്തിനു സമീപത്തുകൂടി പോകുന്ന വൈദ്യുതി കമ്പി പൊട്ടിവീണത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി. ഉടൻതന്നെ കെഎസ്ഇബിയെ വിവരമറിയിച്ച് ലൈൻ ഓഫ്ചെയ്തതിനാൽ കൂടുതൽ അപടകങ്ങളുണ്ടായില്ല. കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചതിനാൽ സമീപത്തെ കടകളുടെ ജനൽചില്ലുകൾ, ഷട്ടറുകൾ, ഭിത്തി എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ കൂടുതൽ അപകടമുണ്ടായില്ല. തൊട്ടടുത്ത് കാഞ്ഞിരത്താനം അച്ചൻകുഞ്ഞിന്റെ സ്റ്റേഷനറി കടയും, കാളവയലിൽ റോയിയുടെ വസ്ത്രവ്യാപാര ശാലയുമാണുണ്ടായിരുന്നത്. ഇതിനു തീ പിടിച്ചിരുന്നെങ്കിൽ ടൗൺ പൂർണമായും കത്തി നശിക്കുമായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറയുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ, സിബിച്ചൻ കാച്ചപ്പള്ളി എന്നിവർ നേതൃത്വം നൽകി. കെഎസ്‌ഇബി, ഫോറൻസിക് പരിശോധന തങ്കമണി ടൗണിലുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച കല്ലുവിളയിൽ സ്‌റ്റോഴ്‌സിൽ ഫോറൻസിക്, കെഎസ്ഇബി വിജിലൻസ് വിഭാഗവും പരിശോധന നടത്തും. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത കണ്ടെത്തിയിട്ടില്ലെന്നും ശാസ്‌ത്രിയ തെളിവുകൾ ശേഖരിച്ചുവരികയാണൈന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും തങ്കമണി സിഐ എം വി എബി പറഞ്ഞു ബോധരഹിതനായി കടയുടമ തലമുറകളായി തങ്കമണിയിൽ കച്ചവടം നടത്തുന്ന കല്ലുവിള പുത്തൻവീട്ടിൽ കുടുംബത്തിന്റെ പരമ്പരാഗത സ്വത്താണ് വ്യാഴം രാവിലെ തീയിൽ കത്തിയമർന്നത്. സംഭവമറിഞ്ഞ് എത്തിയ കടയുമ വർഗീസ് തന്റെ സ്ഥാപനം കത്തുന്നത് കണ്ട് ബോധരഹിതനായി വീണു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തങ്കമണി ടൗണിൽ ഇതിനു സമീപത്തായി അഞ്ചുവർഷം മുമ്പ് തീപിടുത്തമുണ്ടായി കെട്ടിടവും വ്യാപാര സ്ഥാപനങ്ങളും കത്തി നശിച്ചിരുന്നു. അന്ന് കൊല്ലംപറമ്പിൽ പോളിന്റെ കടയും ചാക്കോച്ചിയുടെ കടയും, പ്രദീപിന്റെ ബാർബർഷോപ്പുമാണ് അന്ന് കത്തി നശിച്ചത്. സമാനമായ രീതിയിലാണ് ഇത്തവണയും തീപിടുത്തമുണ്ടായത്. Read on deshabhimani.com