ഏലംകർഷകരെ കബളിപ്പിച്ച് കോടികൾ തട്ടി



അടിമാലി  ഹൈറേഞ്ചിൽ ഏലംകർഷകരെ തട്ടിച്ച് കോടികൾ കവർന്നതായി പരാതി. വിപണി വിലയെക്കാൾ 500, 1000 രൂപ അധികം വിലയിട്ട് ഏലക്ക സംഭരിച്ചശേഷം പണം നൽകാതെ കർഷകരെ കബളിപ്പിക്കുകയായിരുന്നു. 30 മുതൽ 40 ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് പറഞ്ഞാണ് ഏലക്ക വാങ്ങിയിരുന്നത്.  പാലക്കാട്  കരിമ്പ സ്വദേശി മുഹമ്മദ് നസീർ എന്നയാൾക്കെതിരെയാണ് പരാതി. പണം ലഭിക്കാനുള്ളവർ ഇടുക്കി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയിരിക്കുകയാണ്. അടിമാലി സ്റ്റേഷനിൽ ഇയാൾക്കെതിരെ 21 പരാതികൾ ലഭിച്ചിട്ടുണ്ട്. അഞ്ചു കോടി രൂപയുടെ തട്ടിപ്പാണ് ഈ പരാതികളിൽ ഉള്ളത്. എൻ ഗ്രീൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ വിവിധ സ്ഥലങ്ങളിൽ കടമുറികൾ വാടകയ്ക്ക് എടുത്ത ശേഷം ജോലിക്കാരെ വച്ച് ഏലക്ക സംഭരിക്കുകയായിരുന്നു. തുടക്കത്തിൽ കുറച്ചുപേർക്ക് പണം നൽകിയെങ്കിലും പിന്നീട് ഏലക്ക നൽകിയവർക്ക് ആർക്കും പണം ലഭിച്ചില്ല.  തട്ടിപ്പനിരയായവരിൽ 50,000 രൂപ മുതൽ 75 ലക്ഷം വരെ ലഭിക്കാനുള്ളവരുണ്ട്. ഏകദേശം ഏഴ് മാസത്തിനു മുമ്പാണ് എൻ ഗ്രീൻ ഇന്റർനാഷണൽ ഹൈറേഞ്ചിൽ ഏലക്ക സംഭരണവുമായി രംഗത്ത് എത്തിയത്.  ഓരോ സ്ഥലങ്ങളിലും കമീഷൻ അടിസ്ഥാനത്തിൽ ഏജന്റുമാരെയും ഇയാൾ ഏർപ്പെടുത്തിയിരുന്നു. പണം ലഭിക്കാനുള്ളവർ മുഹമ്മദ് നസീറിനെ വിളിച്ചപ്പോൾ പണം നൽകാമെന്ന വാട്സ്ആപ്പ് സന്ദേശം മാത്രമാണ് ലഭിച്ചത്. പണം ലഭിക്കാനുള്ളവർക്ക് ചെക്കുകൾ നൽകിയെങ്കിലും അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി. ഇപ്പോൾ ഇയാളുടെ ഫോൺ പ്രവർത്തനരഹിതമാണ്.  ഒരു മാസം മുമ്പ് 17 ദിവസത്തിനുള്ളിൽ ഹൈറേഞ്ചിൽ നിന്ന് വ്യാപകമായി ഏലക്ക സംഭരിച്ചിരുന്നു. ഇതിനുശേഷമാണ് മുങ്ങിയത്. ഏലക്ക ഗ്രേഡ് അനുസരിച്ച് തരംതിരിക്കുന്നതിനായി അടിമാലിയിൽ ഒരു സെന്ററും  ഇയാൾ തുറന്നിരുന്നു. ഹൈറേഞ്ചിലെ വിവിധ സ്ഥലങ്ങളിൽനിന്ന് സംഭരിക്കുന്ന ഏലക്ക ഇവിടെയാണ് എത്തിച്ചിരുന്നത്. 50 ജോലിക്കാരും ഇവിടെയുണ്ടായിരുന്നു. Read on deshabhimani.com

Related News