യുപിയിൽ 
വിധി പറഞ്ഞത്‌ പ്രഗ്യാൻ



കട്ടപ്പന ടൈ ബ്രേക്കറിലേക്കുകടന്ന യുപി വിഭാഗം മത്സരത്തിന്റെ വിധി നിർണയിച്ചത് ചന്ദ്രയാൻ മൂന്നിന്റെ റോവർ ‘പ്രഗ്യാൻ’. മത്സരത്തിന്റെ അഞ്ച്‌ റൗണ്ടുകളും പൂർത്തിയായപ്പോൾ 13 പോയിന്റുകളോടെ പോത്തിൻകണ്ടം എസ്‌എൻ യുപിഎസിലെ പ്രത്യുഷയും നെടുമറ്റം ജിയുപിഎസിലെ മേഘ്‌നയും തുല്യത പാലിച്ചതോടെ ആവേശകരമായ ടൈ ബ്രേക്കറിലേക്ക്‌.  നാല്‌ ചോദ്യങ്ങൾക്ക്‌ ഇരുവരും ഒപ്പത്തിനൊപ്പം നിന്നതോടെ നിർണായകമായ അഞ്ചാം ചോദ്യമെത്തി, ‘‘ചന്ദ്രയാൻ മൂന്നിന്റെ റോവറിന്റെ പേരെന്ത്‌?’’. തെല്ലൊരാലോചനയ്‌ക്കുശേഷം ഇരുവരും ഉത്തരമെഴുതി പേന താഴെവച്ചു. ‘പ്രഗ്യാനെ’ന്ന്‌ ക്വിസ്‌ മാസ്റ്റർ ഉത്തരം പറഞ്ഞപ്പോൾ പ്രത്യുഷയുടെ മുഖം തിളങ്ങി.  ഏഴ്‌ ഉപജില്ലകളിൽനിന്നുള്ള 14 വിദ്യാർഥികളാണ്‌ യുപി വിഭാഗത്തിൽ പങ്കെടുത്തത്‌. വ്യത്യസ്‌ത മേഖലകളിലെ ചോദ്യങ്ങളുൾപ്പെടുത്തിയ അഞ്ച്‌ റൗണ്ടുകൾ. സാഹിത്യവും ശാസ്‌ത്രവും കലയും കായികവും ആനുകാലികവും പൊതുവിജ്ഞാനവുമെല്ലാം കോർത്തിണക്കിയ 21 ചോദ്യങ്ങൾ. ആകാംഷയുടെയും ആശങ്കയുടെയും വികാരവിക്ഷോഭ നിമിഷങ്ങൾ.  ചില ചോദ്യങ്ങൾക്ക്‌ കുട്ടികൾ ആവേശത്തോടെ ഉത്തരം നൽകിയപ്പോൾ ചിലത്‌ വെള്ളം കുടിപ്പിച്ചു. ‘‘അന്താരാഷ്‌ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ആര്‌?’’ ചോദ്യം കേട്ടമാത്രയിൽ കുട്ടികൾ എഴുതിക്കഴിഞ്ഞു, ‘ക്രിസ്‌റ്റ്യാനോ റോണാൾഡോ’, 12 മത്സരാർഥികൾ ശരിയായി ഉത്തരമെഴുതി. എന്നാൽ ‘ഇ–മെയിലിന്റെ ഉപജ്ഞാതാവാര്‌’, ‘റെഡ്‌ ഡേറ്റ ബുക്ക്‌ പുറത്തിറക്കുന്ന പരിസ്ഥിതി സംഘടന ഏത്‌’ എന്നീ ചോദ്യങ്ങൾക്ക്‌ ആരും ശരിയുത്തരം നൽകിയില്ല. മത്സരം ചിട്ടയായ വായനയുടെയും അറിവ്‌ സമ്പാദനത്തിന്റെയും പ്രാധാന്യം വെളിവാക്കുന്നതായി . Read on deshabhimani.com

Related News