ചൂളമ‌ടിച്ചാല്‍ 
പാമ്പ് വരും പാമ്പിന് 
ചെവിയുണ്ടോ?

ശാസ്‍ത്രപാർലമെന്റിൽ ഡോ. പി സി നന്ദജൻ കുട്ടികളോട് സംസാരിക്കുന്നു


 കട്ടപ്പന ‘ഇടിമിന്നലുണ്ടാകുമ്പോൾ ഫോൺ ഉപയോഗിക്കരുതേ, തീ പിടിക്കും’. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന എല്ലാവരും കേട്ടിട്ടുണ്ടാകുമിത്. പക്ഷെ ശരിയാണോ? റേഡിയോ തരം​ഗങ്ങള്‍(വേവ്സ്) ഉപയോഗിച്ചാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇവയ്‍ക്കാണ് ഏറ്റവും കുറവ് ഊർജം. കുറഞ്ഞ ഊര്‍ജമുള്ള റേഡിയോ തരം​ഗങ്ങളിലൂടെ എങ്ങനെ തീപിടിക്കും. പെട്രോള്‍ പമ്പിലും മൊബൈൽ ഫോൺ പാടില്ല. ഇത് ശരിയാണോ? പെട്രോളിൽ ബാഷ്‍പീകരണം എളുപ്പത്തിൽ സംഭവിക്കും. ഇവ അതിവേഗം അന്തരീക്ഷത്തിൽ പടരും. ഊർജം കുറഞ്ഞ റേഡിയോ തരംഗങ്ങളെത്തി തീ പിടിക്കാനുള്ള സമയം ഇവിടെയില്ല.    നെടുങ്കണ്ടം എംഇഎസ് കോളേജിലെ അസി. പ്രൊഫസര്‍  ഡോ. പി സി നന്ദജൻ സാധാരണ ജീവിതത്തിലേക്ക് ശാസ്‍ത്രത്തെ പ്രവേശിപ്പിച്ചപ്പോൾ കുട്ടികളും എളുപ്പം ആ വഴിയിലെത്തി.  ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരത്തോടനുബന്ധിച്ച് നടത്തിയ ശാസ്‍ത്ര പാർലമെന്റ് അറിവിനൊപ്പം ശാസ്‍ത്രാവബോധവും പകർന്നു. ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാൻ പറ്റില്ലെന്ന് പറയും, കഴിച്ചിട്ട് എന്തേലും പറ്റിയോ, ഇല്ല. രാത്രിയിൽ ചൂളമടിച്ചാൽ പാമ്പുവരുമെന്നാണ് കുട്ടിക്കാലത്ത് നാം കേൾക്കുന്നത്. ചെവിയില്ലാത്ത പാമ്പ് എങ്ങനെ ചൂളമടി കേൾക്കും?. പാമ്പിന് നൂറും പാലും നേദിക്കുന്നു. ശരിക്കും പാമ്പ് പാലുകുടിക്കുമോ.? ഇത്തരം കാര്യങ്ങൾ ആരെങ്കിലും പറയുമ്പോള്‍ അതിന് പിന്നിലെ ശാസ്‍ത്രവും കാരണങ്ങളും അന്വേഷിക്കണം. പറയുന്നവരെ തിരുത്തണം.  കരുത്താകണം 
ശാസ്‍ത്രം ശാസ്‍ത്രത്തിന്റെ ആദ്യഘട്ടം മുതല്‍ നിലവിലെ അത്യാധുനിക കണ്ടുപിടിത്തങ്ങൾ വരെയുള്ള വളര്‍ച്ച ലളിതഭാഷയില്‍ കുട്ടികള്‍ക്ക് മുന്നിലെത്തി. മുമ്പേ നടന്ന ശാസ്‍ത്രാന്വേഷകർ, അവരുടെ കാലഘട്ടം തുടങ്ങി പാഠപുസ്‍തകങ്ങളിലെ അധ്യായങ്ങൾക്കപ്പുറത്തേക്കും ചിന്തകളെ കൊണ്ടുപോയി. പണ്ടൊക്കെ ഒരു ഹൃദയാഘാതമുണ്ടായാല്‍ മരണമുറപ്പായിരുന്നു. ഇന്ന് ജീവൻ നഷ്‍ടപ്പെടുന്ന സമയം നീട്ടിക്കൊണ്ടുപോകാൻ പറ്റുന്ന തരത്തിലുള്ള ശാസ്‍ത്രമുന്നേറ്റം അടയാളപ്പെടുത്തി.  തെളിവിന് അംഗീകാരം ശാസ്‍ത്രം ഒരു കാര്യം സമർഥിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. നിലവിലുള്ളവയ്‍ക്ക് മേല്‍ മറ്റൊരു തെളിവ് വന്നാൽ അതിനെ അംഗീകരിക്കും. ദൈവം ഇല്ലെന്ന് ശാസ്‍ത്രം പറഞ്ഞിട്ടില്ല. പക്ഷേ ഉണ്ടെന്ന് തെളിയിക്കാൻ ആർക്കും പറ്റിയിട്ടുമില്ല. ഭൂരിഭാ​ഗം ശാസ്‍ത്രജ്ഞൻമാരും വിശ്വാസികളാണ്. പക്ഷേ അവർ ശാസ്‍ത്രത്തിൽ വിശ്വാസം കലർത്തിയിട്ടില്ല. ശാസ്‍ത്രമൊരു പരാജയമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ ‘ ശാസ്‍ത്രം വളരുകയാണെന്ന്’ തിരുത്തണം. ശാസ്‍ത്രപഠനത്തിന്റെ സാധ്യതകളും കുട്ടികളെ പരിചയപ്പെടുത്തി. Read on deshabhimani.com

Related News