റവന്യൂ ഭൂമിയിൽ വൻകിട കൈയേറ്റം



ഇടുക്കി  കൊച്ചി–ധനുഷ്‌കോടി ദേശീയപാതയോട്‌ ചേർന്ന്‌ ചൊക്രമുടി മലയിലും താഴ്‌വാരത്തും വ്യാപക കൈയേറ്റം. പുല്ലുപിടിച്ചു കിടന്നിരുന്ന റവന്യു ഭൂമിയാണ്‌ വൻകിട കൈയേറ്റക്കാർ സ്വന്തമാക്കാൻ ശ്രമിക്കുന്നത്‌. ചൊക്രമുടി മലയുടെ താഴ്‌വാരത്ത്‌ ഭൂമികൈയേറ്റത്തിൽ ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. മുപ്പതേക്കറോളം സ്ഥലം കൈയേറ്റക്കാർ കളനാശിനി തളിച്ച്‌ പുല്ലുകൾ കരിച്ചു. ഇവിടെ നടുന്നതിനായി ചൗക്ക തൈകളും എത്തിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ജില്ലാ കലക്ടർക്കും തഹസിൽദാർക്കും പരാതി നൽകിയതിനെത്തുടർന്നാണ്‌ നടപടിയെടുത്തത്‌. റവന്യു വകുപ്പിന്റെ ഭൂപടത്തിൽ റെഡ് സോണായ ഈ ഭാഗം റവന്യുഭൂമിയാണെന്ന് രേഖകളിലുള്ളത്‌. ഇതിന്‌ സമീപത്ത്‌ മലയുടെ മുകളിലായി നൂറേക്കറിലധികം ഭൂമി കൈയേറാൻ ശ്രമിക്കുന്നുണ്ടെന്ന്‌ നാട്ടുകാർ പറയുന്നു. പുല്ലുകൾ നീക്കംചെയ്‌ത്‌ വിവിധ നിർമാണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്‌. മലയുടെ മുകൾഭാഗത്തോട്‌ ചേർന്നുള്ള ഭൂമിയിൽ അനധികൃതമായി മണ്ണിടിക്കുകയും കൈയാലകെട്ടുകയും കോൺക്രീറ്റ്‌ പാത നിർമിക്കുകയും ചെയ്‌തുവരുന്നു. റിസോർട്ട്‌ വ്യവസായ രംഗത്തെ വൻകിടക്കാരാണ്‌ പിന്നിലെന്ന്‌ നാട്ടുകാർ സംശയിക്കുന്നു. ഈ പ്രദേശത്തിന്‌ താഴെയാണ്‌ ചൊക്രമുടി ആദിവാസി വിഭാഗം താമസിക്കുന്നത്‌. മലയിലെ ഉറവയിൽനിന്നുള്ള ജലമാണ്‌ ഇവർ ഉപയോഗിക്കുന്നത്‌. ഇതുൾപ്പെടെ കൈയേറ്റക്കാർ മലിനമാക്കിയതായി നാട്ടുകാർ പറയുന്നു. കൂടാതെ മലമുകളിലെ നിർമാണപ്രവർത്തനങ്ങൾ മണ്ണിടിച്ചിലിന്‌ കാരണമാകുമെന്ന ഭീതിയുമുണ്ട്‌. Read on deshabhimani.com

Related News