ഇടുക്കിയിലെ അവകാശ സമരങ്ങളിലെ നിറസാന്നിധ്യം



 ഇടുക്കി ഇടുക്കിയിലെ പ്രത്യേകിച്ച്‌ കുടിയേറ്റ മേഖലയിലെ കർഷകരുടെയും തൊഴിലാളികളുടെയും എണ്ണമറ്റ അവകാശ പോരാട്ടങ്ങളിലെ നിറ സാന്നിധ്യമായിരുന്നു  എം എം ലോറൻസ്‌. മണ്ണിൽ കർഷകരെ ഉറപ്പിച്ചുനിർത്താൻ 1970–-80കളിൽ സിപിഐ എമ്മിനും ട്രേഡ്‌ യൂണിയനും നിരന്തരം പോരാട്ടം സംഘടിപ്പിക്കേണ്ടിവന്നു. തോട്ടം തൊഴിലാളികൾ  കൊടിയ ചൂഷണങ്ങളാണ്‌ ഉടമകളിൽനിന്നും നേരിടേണ്ടിവന്നത്‌. പൊലീസിനെ ആയുധമാക്കിയുള്ള കോൺഗ്രസ് നേതാക്കളുടെ ഗുണ്ടാപ്രവർത്തനം കൂടി വന്നപ്പോൾ പാർടി നേതാക്കൾക്കും പ്രവർത്തകർക്കും ജീവിക്കാനാകാത്ത സ്ഥിതി ജില്ലയിലെമ്പാടുമുണ്ടായി. ഇതിനെതിരെ ശാന്തൻപാറ, ഖജനാപ്പാറ, സേനാപതി, രാജകുമാരി, ഉടുമ്പൻചോല, രാജാക്കാട്, വട്ടപ്പാറ, തലയങ്കാവ്, കാറ്റൂതി, വെങ്കലപ്പാറ തുടങ്ങിയ പ്രദേശങ്ങൾ പോർക്കളങ്ങളായി. ഇവിടെയെല്ലാം എം എം ലോറൻസ്‌ അടക്കമുള്ള നേതാക്കളെത്തുന്നത്‌ പതിവായിരുന്നു. ഭരണകൂട, വലതു രാഷ്ട്രീയ നിഷ്‌ഠൂര ചെയ്‌തികളോട്‌ ഏറ്റുമുട്ടി ഗുരുതരമായി പരിക്കേറ്റ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും സാന്ത്വനമായാണ്‌ ലോറൻസ്‌ എത്തിയത്‌. മൃഗതുല്യമായ ജീവിതത്തിന് അറുതി വരുത്താൻ യൂണിയനുകൾ നിരന്തരം ഇടപെട്ടു. സേവന വേതന വ്യവസ്ഥകൾക്കെതിരെയും ലൈംഗിക ചൂഷണങ്ങൾക്കെതിരെയും പോരാടാനും നേതൃത്വം നൽകി. ഈ ഘട്ടത്തിൽ എം എം മണി, കെ കെ ജയചന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരിൽ എണ്ണമറ്റ കള്ളക്കേസുകളുണ്ടായി. തൊഴിലാളികളുടെ അവകാശങ്ങൾക്കായി സമരം ചെയ്യാൻ സിഐടിയു യൂണിയൻ മാത്രമേ ഹൈറേഞ്ചിലുണ്ടായിരുന്നുള്ളൂ. കോൺഗ്രസ് സ്വാധീനം ഉറപ്പിക്കാൻ ഭരണ സംവിധാനം ദുരുപയോഗം ചെയ്‌തു.  കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലും വയലാർ രവി ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും കോൺഗ്രസ് നേതാക്കൾ ഈ മേഖലയിൽ പൊലീസിനെ ഉപയോഗിച്ച് മാർക്സിസ്റ്റ് നേതാക്കളെയും സിഐടിയു പ്രവർത്തകരെയും അടിച്ചമർത്തുന്ന നയം സ്വീകരിച്ചു. വ്യാപക ആക്രമണങ്ങളും കള്ളക്കേസുകളും ചമച്ച് നേതാക്കളെ ജയിലിലടച്ചു. 1981ൽ  എം കെ ജോയിയെ പൊലീസ്‌ വെടിവച്ച്‌ കൊലപ്പെടുത്തിയപ്പോഴും 1982ൽ കെ എൻ തങ്കപ്പനെ ആർഎസ്‌എസ്സുകാർ വെട്ടി കൊലപ്പെടുത്തിയ സമയത്തുമടക്കം ആശ്വാസവുമായി ദിവസങ്ങളോളം എം എം ലോറൻസും മറ്റ്‌ നേതാക്കളും ഹൈറേഞ്ചിലുണ്ടായിരുന്നു. കർഷകരുടെയും പൊതുജനങ്ങളുടെയും പ്രശ്‌നങ്ങളിലും നിരന്തരം ഇടപെട്ട നേതാവിന് അതീവ ദുഃഖത്തോടെയാണ്‌ ഇടുക്കി ജനത പ്രണാമം അർപ്പിക്കുന്നത്‌.  Read on deshabhimani.com

Related News