നഗരത്തിൽ ഇനി ഫുഡ് സ്‌കേപ്പിങ്ങും



പത്തനംതിട്ട കൃഷി – പൂന്തോട്ട നിർമാണ രീതികളെ സംയോജിപ്പിച്ച് നടപ്പാക്കുന്ന ഫുഡ് സ്‌കേപ്പിങ്‌ പദ്ധതിക്ക്‌ നഗരത്തിൽ തുടക്കം. നഗരസഭയിലെ ഹരിതകര്‍മസേനയുടെ നേതൃത്വത്തിൽ ജൈവജ്യോതി എന്ന പേരിൽ കലക്‌ടറേറ്റ് വളപ്പിൽ പദ്ധതി തുടങ്ങി. നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്‌തു. പൂന്തോട്ടവും അടുക്കളത്തോട്ടവും രണ്ടായി മാറ്റി നിർത്തുന്നതിന് പകരം വയ്ക്കാവുന്ന മികച്ച മാതൃകയാണിത്.  ഭക്ഷ്യയോഗ്യമായ വിളവ് ലഭിക്കുന്ന സസ്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന പോഷക -പൂന്തോട്ട നിർമാണമായ ഫുഡ് സ്‌കേപ്പിങ്‌ നഗരത്തിന് പരിചയപ്പെടുത്തിരിക്കുകയാണ് ഹരിത കർമ്മ സേന. ആദ്യഘട്ടമായി ജൈവ മഞ്ഞൾ കൃഷിയാണ് ആരംഭിച്ചത്. ഒപ്പം പച്ചക്കറികളും നട്ടു. കലക്‌ട്രേറ്റ് ഉൾപ്പെടെയുള്ള ഓഫീസ് സമുച്ചയങ്ങളില്‍ നിന്നും ശേഖരിച്ച ജൈവമാലിന്യത്തിൽ നിന്ന് തയ്യാറാക്കിയ പാം ബയോ ഗ്രീന്‍ മാന്വർ എന്ന സ്വന്തം ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കാതോലിക്കേറ്റ് കോളേജിലെ എൻഎസ്എസ് യൂണിറ്റും പദ്ധതിയുടെ ഭാഗമായി.    വിളവെടുക്കുന്ന ജൈവ മഞ്ഞള്‍ കൊണ്ട് ഉപോൽപ്പന്നങ്ങള്‍ ഉണ്ടാക്കി പൊതു മാര്‍ക്കറ്റ് വഴിയും കുടുംബശ്രീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയും വിറ്റഴിക്കും. സ്വന്തം ബ്രാൻഡിൽ ജൈവവളം വിപണിയിൽ എത്തിക്കുന്നതിൽ വിജയം വരിച്ച നഗരസഭയിലെ ഹരിത കർമസേനയുടെ മറ്റൊരു അഭിമാന പദ്ധതിയാണ് ജൈവ ജ്യോതി ഫുഡ് സ്‌കേപ്പിങ്‌. ഇത്തരം വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ അംഗങ്ങൾക്ക് വരുമാനം ഉറപ്പാക്കാനും നഗരസഭയ്ക്ക് സാധിക്കുന്നു.     എഡിഎം ബി ജ്യോതി മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ആർ അജിത് കുമാർ, ജെറി അലക്സ്, വാർഡ് കൗൺസിലർ സിന്ധു അനിൽ, എസ്‌ നൈസാം, ഡോ. ഗോകുൽ ജി നായർ, സുധീർ രാജ്, വിനോദ് കുമാർ, ജി അനിൽകുമാർ, എൽ ഷിബി, കെ ആർ അജയ്, ശ്രീവിദ്യ ബാലൻ, എം ബി ദിലീപ്കുമാർ, കെ എസ് പ്രസാദ്, ഷീനാ ബീവി, കെ ബിന്ദു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News