കാൽവരിയിൽ ആനന്ദം, ആഘോഷം

ജില്ലാ സുവർണ ജൂബിലി ആഘോഷം കാൽവരിമൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്യുന്നു


ചെറുതോണി  ജില്ലയുടെ 50–ാം വാര്‍ഷികത്തിന് വര്‍ണാഭമായ തുടക്കം. 10 ദിവസം നീളുന്ന വിജ്ഞാനവും വിനോദവും സാമന്വയിക്കുന്ന ആഘോഷപരിപാടികൾക്ക് കാൽവരിമൗണ്ട് ആതിഥേയത്വം വഹിക്കും. സുവർണ ജൂബിലി ആഘോഷം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്‍തു. വൈകിട്ട് നാലിന് കാൽവരി മൗണ്ട് ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രൗഢഗംഭീര സാംസ്‍കാരിക ഘോഷയാത്രയോടെയാണ് ഉദ്ഘാടനസമ്മേളനം തുടങ്ങിയത്. കാൽവരി മൗണ്ടിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനും കൂടുതൽ സഞ്ചരികളെ ഇടുക്കിയിലേക്ക് ആകർഷിക്കാനുമാണ് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ടൂറിസം ഫെസ്റ്റ് നടത്തുന്നത്. 
     മന്ത്രിമാരായ വി എൻ വാസവൻ, വി അബ്ദുറഹ്മാൻ, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാർ, സിനിമാ താരങ്ങളായ ആസിഫ് അലി, ജോജു ജോർജ്, ഒളിമ്പിക്‍സ് താരങ്ങൾ തുടങ്ങിവർ വിവിധ ദിവസങ്ങളിൽ ഫെസ്റ്റിലെത്തും. ഗാനമേളകൾ, മെഗാഷോകൾ, ഫ്യൂഷൻ മ്യൂസിക് നൃത്തസന്ധ്യകൾ, നാടൻപാട്ട്, സെമിനാറുകൾ, പ്രാദേശിക കലാപരിപാടികൾ, മാരത്തോണ്‍ സൈക്കിൾ റാലികൾ തുടങ്ങിയവയുണ്ട്. ടൂറിസം ക്ലസ്റ്റർ യാത്ര, ഓഫ്‌റോഡ് ട്രക്കിങ്, ഫാം ടൂറിസം സന്ദർശനം, പ്രദർശന വിപണന സ്റ്റാളുകൾ, ശാസ്ത്ര സാങ്കേതിക വിജ്ഞാന പ്രദർശനം എന്നിവയും മേളക്ക് മാറ്റുകൂട്ടും. കാമാഷി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുമോൾ ജോസഫ് അധ്യക്ഷയായി. ജനറൽ കൺവീനർ റോമിയോ സെബാസ്റ്റ്യ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി ചന്ദ്രൻ, ഫാ ജോർജ് മാരിപ്പാട്ട്, അനിൽ കൂവപ്ലാക്കൽ, കെ ജി സത്യൻ, ആർ മണിക്കുട്ടൻ,സാജൻ കുന്നേൽ, സുരേഷ് കോട്ടയ്‍ക്കകത്ത്, ഷാജി നെല്ലിപ്പറമ്പിൽ, റെജി മുക്കാട്ട്തുടങ്ങിയവര്‍ സംസാരിച്ചു. Read on deshabhimani.com

Related News