ജനപ്രിയ യാത്രയൊരുക്കി കുമളി ഡിപ്പോ

കെഎസ്ആർടിസി കുമളി ഡിപ്പോയിൽനിന്നുള്ള ഉല്ലാസയാത്രാസംഘം ആലപ്പുഴയിൽ ബോട്ട് സവാരി നടത്തുന്നു


കുമളി കുമളിയുടെ മലമടക്കുകളിൽനിന്ന്‌ ആലപ്പുഴയുടെ തീരങ്ങളിലേക്കുള്ള കെഎസ്‌ആർടിസിയുടെ ഉല്ലാസയാത്ര ജനപ്രിയം. കുമളി ഡിപ്പോയിൽനിന്ന്‌ ശനിയാഴ്ച നടന്ന ആദ്യ സർവീസിനുശേഷം നിരവധിപ്പേരാണ്‌ സമൂഹമാധ്യമങ്ങളിൽ യാത്രാനുഭവം പങ്കുവച്ചത്‌. കുറിപ്പുകളായും റീൽസ്‌ വീഡിയോയായും പലരും ആഹ്ലാദം പങ്കിട്ടു. കുമളിയിൽനിന്ന് ആലപ്പുഴ വരെയും തിരിച്ചും കെഎസ്ആർടിസി ബസിൽ യാത്ര, ഹൗസ് ബോട്ടിൽ അഞ്ച് മണിക്കൂർ കായൽയാത്ര, ഉച്ചയ്ക്ക് കരിമീൻ കൂട്ടിയുള്ള ഊണ്, വൈകിട്ട്‌ ചായയും കടിയും ശേഷം ആലപ്പുഴ ബീച്ചും സന്ദർശിച്ച്‌ മടക്കം. രാവിലെ ആറിന് ബസിൽ കയറുന്നതുമുതൽ രാത്രി 11ന് തിരിച്ചെത്തുംവരെ എല്ലാ ഉത്തരവാദിത്തവും കെഎസ്ആർടിസി ബജറ്റ്‌ ടൂറിസം സെല്ലിന്‌. പകൽ 12 മുതൽ വൈകിട്ട് അഞ്ചുവരെയാണ്‌ ഹൗസ്‌ ബോട്ട്‌ യാത്ര. കായൽപ്പരപ്പിലെ മനോഹര കാഴ്ചകൾ കണ്ടിരിക്കാം. ഇരുനില ഹൗസ് ബോട്ടിൽ ഡൈനിങ്‌ ഹാൾ, അടുക്കള, ശുചിമുറികളോടുകൂടിയ മുറികൾ തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്‌. ഡൈനിങ്‌ ഹാളിൽ മൈക്കും സ്പീക്കറുമുൾപ്പെടെയുണ്ട്‌. യാത്രയിൽ കലാപരിപാടികളും വിനോദങ്ങളും ആവാം. താഴത്തെനിലയിൽ കാഴ്ചകാണുന്നതിനായി പ്രത്യേക ഹാളുമുണ്ട്‌. ആവശ്യക്കാർക്ക് 300 രൂപാനിരക്കിൽ 10 മിനിറ്റ് സ്പീഡ് ബോട്ടിൽ ചുറ്റിക്കറങ്ങുകയുമാകാം. കായൽയാത്രയ്ക്കുശേഷം ബസിൽ ആലപ്പുഴ ബീച്ചിലേക്ക്‌. സൂര്യാസ്‌തമയത്തിനുശേഷം വൈകിട്ട്‌ ഏഴിന്‌ കുമളിയിലേക്ക് തിരിക്കും. പ്രഭാത ഭക്ഷണം കഴിച്ചിട്ട് പോവുകയോ കരുതുകയോ ചെയ്യാം. ഇല്ലെങ്കിൽ കഴിക്കാനായി നിർത്തിത്തരും. രാത്രി ഭക്ഷണത്തിനായും ആവശ്യമെങ്കിൽ വണ്ടിയൊതുക്കും. 1350 രൂപ നിരക്കിൽ സുരക്ഷിതമായ യാത്രയാണ്‌ കെഎസ്‌ആർടിസി വാഗ്ദാനം ചെയ്യുന്നത്‌.  കുമളി ഡിപ്പോയിൽനിന്ന്‌ കൊച്ചിയിൽ ആഡംബര കപ്പൽയാത്രാ പാക്കേജുമുണ്ട്‌. നെഫർറ്റിറ്റി കപ്പലിൽ അഞ്ചുമണിക്കൂർ കടലിൽ ചെലവഴിക്കാം. മുതിർന്നവർക്ക് ഭക്ഷണമുൾപ്പെടെ 3870 രൂപയും 10 വയസിൽ താഴെയുള്ള കുട്ടികൾക്ക്‌ 1560 രൂപയുമാണ്‌ നിരക്ക്‌. സീസണിലെ അവസാന സർവീസ് 28ന് നടക്കും. Read on deshabhimani.com

Related News