കൗണ്‍സിലര്‍മാര്‍ അലറിവിളിക്കുന്നു; ആരും കേള്‍ക്കുന്നില്ല



കട്ടപ്പന നഗരസഭ കൗൺസിൽ ഹാളിലെ ടേബിൾ ടോപ്പ് മൈക്കുകൾ പണിമുടക്കിയിട്ട് വർഷങ്ങൾ. കൗൺസിൽ യോഗങ്ങളിലെ ചർച്ചകളിൽ ഉച്ചത്തിൽ അലറിവിളിക്കേണ്ട ഗതികേടിലാണ് കൗൺസിലർമാരും ഉദ്യോഗസ്ഥരും. നിലവിൽ മൂന്ന് കോഡ് ലെസ് മൈക്കുകൾ ഉപയോഗിച്ച് കൗൺസിൽ യോഗം നടത്തേണ്ട ഗതികേടിലാണ് നഗരസഭ. ഏഴ് വർഷം മുമ്പ് പുതിയ നഗരസഭ കാര്യാലയം തുറന്നപ്പോഴാണ് ടേബിൾ ടോപ്പ് മൈക്കുകൾ സ്ഥാപിച്ചത്. നഗരസഭാധ്യക്ഷനും 34 കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും ഇരിപ്പിടങ്ങൾക്ക് മുമ്പിലായി സ്വന്തമായി ഓപ്പറേറ്റ് ചെയ്യാൻ കഴിയുന്ന മൈക്കുകൾ പ്രവർത്തിപ്പിച്ചുതുടങ്ങിയപ്പോൾ തന്നെ തകരാറിലായിരുന്നു. മാസങ്ങൾക്കുള്ളിൽ തന്നെ ഭൂരിഭാഗവും പണിമുടക്കി. തുടർന്നാണ് മൂന്ന് കോഡ് ലെസ് മൈക്കുകൾ മാത്രം ഉപയോഗിച്ച് കൗൺസിൽ യോഗം നടത്തിവരുന്നത്. മൈക്കുകളിൽ ഒരെണ്ണം സ്ഥിരമായി നഗരസഭാധ്യക്ഷയ്ക്കുള്ളതാണ്. മറ്റൊന്ന് അജണ്ട വായിക്കുന്ന ഉദ്യോഗസ്ഥനും. ശേഷിക്കുന്ന ഒരെണ്ണം ഉപയോഗിച്ചാണ് 34 കൗൺസിലർമാർ ചർച്ചയിൽ പങ്കെടുക്കുന്നത്. ചർച്ചകൾ സജീവമാകുമ്പോൾ കാത് കൂർപ്പിക്കണം. ഇല്ലെങ്കിൽ തൊണ്ടപൊട്ടി അലറി വിളിക്കേണ്ട ഗതികേടാണ്. ഭരണ- പ്രതിപക്ഷ തർക്കം ഉടലെടുക്കുന്ന ചർച്ചകളിൽ ആകെയൊരു ബഹളം മാത്രം. മൈക്ക് കൗൺസിലർമാർക്ക് എത്തിച്ചുനൽകാനായി ഒരു ജീവനക്കാരൻ ഹാളിലുണ്ട്. ഇദ്ദേഹം പാഞ്ഞെത്തുമ്പോഴേയ്ക്കും ചർച്ച അവസാനിക്കും. പലരും അലറിവിളിച്ച് അവശരാകുന്നതും പതിവ് കാഴ്ചയാണ്. കൗൺസിൽ തീരുമാനങ്ങൾ മനസ്സിലാക്കാൻ ആംഗ്യഭാഷ പഠിക്കേണ്ടിവരുമെന്നാണ് എൽഡിഎഫ് അംഗങ്ങളുടെ വിമർശനം.നഗരസഭ കൗൺസിൽ ഹാളിലെ ടേബിൾ ടോപ്പ് മൈക്കുകൾ പണിമുടക്കിയിട്ട് വർഷങ്ങൾ.  Read on deshabhimani.com

Related News