ജലം ശാസ്ത്രീയമായി വിനിയോഗിക്കണം: മന്ത്രി റോഷി
ഇടുക്കി ഭൂഗർഭജലത്തിന്റെ അളവ് കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായി വിനിയോഗിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെൽ സെൻസസിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഇടുക്കി തോപ്രാംകുടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജലം പാഴാക്കാതിരിക്കാനും , മലിനമാക്കാതിരിക്കാനും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സെൻസസ് പദ്ധതി പ്രകാരം പ്രത്യേക പരിശീലനം നേടിയ കുടുംബശ്രീ പ്രവർത്തകർവഴി "നീരറിവ്" എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുക. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 93 ബ്ലോക്കുകളിലാണ് ആദ്യഘട്ടമായി സർവേ നടപടികൾ ആരംഭിക്കുന്നത്. ഏകദേശം 36 ലക്ഷം ഡാറ്റയാണ് ഈ ബ്ലോക്കുകളിൽനിന്നും ശേഖരിക്കാൻ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള 93 ബ്ലോക്കുകളിലും, ആറ് കോർപ്പറേഷനുകൾ, 90 നഗരസഭകൾ എന്നിവിടങ്ങളിലും വിവര ശേഖരണം നടത്തും. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും ഭൂജലവിഭവശേഷി മനസിലാക്കാനും വരൾച്ച സാധ്യതാ മേഖലകൾ കണ്ടെത്തി ശാസ്ത്രീയമായ ഭൂജല സാംപോഷണ പദ്ധതികൾ ആവിഷ്കരിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂജലവകുപ്പ് ഡയറക്ടർ ഡി ധർമലശ്രീ, സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവിറോണ്മെന്റ് സെന്റർ ഡയറക്ർ ഡോ. അരുൺ എസ് നായർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com