അവധിയാഘോഷം ‘ആനവണ്ടിയോളം’
മൂന്നാർ വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്ക് സൗകര്യമൊരുക്കി കെഎസ്ആർടിസി. മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് എത്തുന്ന സഞ്ചാരികൾക്ക് കെഎസ്ആർടിസി മൂന്നാർ ഡിപ്പോയിൽനിന്നും വിനോദ കേന്ദ്രങ്ങളിലേക്ക് ബസുകൾ സർവീസ് നടത്തുന്നു. കാന്തല്ലൂർ, വട്ടവട, ചതുരംഗപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഉല്ലാസ യാത്രയെന്ന പേരിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നത്. എല്ലാ ദിവസവും രാവിലെ ഒമ്പതിനും 9.30 നും ഇടയിലാണ് ഡിപ്പോയിൽനിന്നും ബസ് യാത്ര തിരിക്കുന്നത്. വൈകിട്ട് അഞ്ചിന് തിരികെ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കിടെ പ്രധാന വിനോദകേന്ദ്രങ്ങളിൽ ബസ് നിർത്തി സഞ്ചാരികൾക്ക് സ്ഥലം സന്ദർശിക്കുന്നതിന് അവസരം നൽകും. ക്രിസ്മസ്–- പുതുവത്സരം പ്രമാണിച്ച് സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നത് അനുസരിച്ച് കൂടുതൽ സർവീസ് നടത്തുമെന്നും മൂന്നാർ ഡിപ്പോ കൺട്രോളിങ് ഇൻസ്പെക്ടർ പി ജി അനിൽകുമാർ പറഞ്ഞു. Read on deshabhimani.com