അറിയണം വെള്ളത്തിലെ ചതിക്കുഴികള്‍



  തൊടുപുഴ ജീവനെടുക്കുന്ന ചതിക്കുഴികൾ ഒരുപാടുണ്ട് ജില്ലയിലെ പുഴകൾക്കും വെള്ളച്ചാട്ടങ്ങൾക്കും സമീപം. ആഴങ്ങളിൽ മുങ്ങിത്താഴ്‍ന്ന് ജീവൻ നഷ്‍‍ടപ്പെടുന്ന വാർത്തകളുമേറെ. മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് എൻജിനിയറിങ്ങ് വിദ്യാർഥികളും മറയൂരിൽ ഒരു യുവാവും ശനിയാഴ്‍ച മുങ്ങിമരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ജില്ലയിൽ 2023 മുതൽ കഴിഞ്ഞ മെയ് വരെ 41 മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്‌‍തിരുന്നു. അ​ഗ്നിരക്ഷാസേനയുടെ ഔദ്യോ​ഗിക രേഖകളിലെ വിവരമാണിത്. കഴിഞ്ഞവർഷം മാത്രം 35 പേർ.  കട്ടപ്പന  അഞ്ചുരുളി, കുമളി പാറക്കുളം, രാജാക്കണ്ടം, ആനകുത്തി, മാലി, നരിയംപാറ, വെള്ളാരംകുന്ന് തുടങ്ങിയ ഇടങ്ങളിലായിരുന്നു അപകടങ്ങൾ. അടിമാലി എല്ലക്കല്ല്, ഇരുമ്പുപാലം അമ്മാവൻകുത്ത് വെള്ളച്ചാട്ടം, ആനക്കുളം, മാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടം, അപ്‍സരക്കുത്ത് എന്നിവിടങ്ങളിലും മരണങ്ങൾ സംഭവിച്ചു. തൂവൽ വെള്ളച്ചാട്ടം, കൂട്ടാർ പുഴ, ചിന്നാർ തൂവാനം വെള്ളച്ചാട്ടം, ചിത്തിരപുരം കല്ലടി വളവിലുള്ള ആറ്‌, ആനയിറങ്കൽ ഡാം, ഏലപ്പാറ കൊച്ചുകരിന്തരുവി കയം തുടങ്ങിയ സ്ഥലങ്ങളിലും അപകടങ്ങളുണ്ടായി. ഇക്കൂട്ടത്തിലേക്കാണ് മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടവും സ്ഥാനം പിടിക്കുന്നത്.  ജില്ലയിലെ ജലാശയങ്ങളെക്കുറിച്ച് അറിവുള്ളവരും അറിവില്ലാത്തവരും ഒരു പോലെയാണ് അപകടങ്ങളിൽപ്പെടുന്നത്. ക്രിസ്‍മസ് അവധിക്കാലം തുടങ്ങിയതോടെ ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലും പുഴകളിലും അണക്കെട്ടുകളിലും നിരവധി സഞ്ചാരികളെത്തും. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണ്ട സമയമാണിത്. വെള്ളത്തിൽ അകപ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവർക്കും അപകടം സംഭവിക്കുന്നു.  ജാ​ഗ്രത പാലിക്കണം കുളങ്ങളിലും പുഴകളിലും അണക്കെട്ടുകളുൾപ്പെടെ കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ  ഇറങ്ങുമ്പോൾ  ശ്രദ്ധയും കരുതലും വേണം. നീന്തൽ പഠിച്ചിരിക്കേണ്ടത് അനിവാര്യമാണ്. വിനോദസഞ്ചാരത്തിന് വലിയ പ്രാധാന്യമുള്ള ജില്ലയിൽ പുറത്തുനിന്ന് വരുന്നവർക്ക് ആഴമോ പരിസരത്തിന്റെ പ്രത്യേകതകളോ അറിയില്ല. അപായ സൂചനകൾ ശ്രദ്ധിക്കാത്തതും അലക്ഷ്യമായി വിനോദത്തിൽ ഏർപ്പെടുന്നതും അപകടമുണ്ടാക്കും. പ്രാഥമികമായി പാലിക്കേണ്ട മുൻകരുതലുകൾ പോലുമില്ലാതെ വെള്ളത്തിലിറങ്ങുന്നവരുണ്ട്.     Read on deshabhimani.com

Related News