ഏറ്റവും വലിയ പരീക്ഷാകേന്ദ്രവും സുസജ്ജം
നെടുങ്കണ്ടം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്ന കല്ലാർ സർക്കാർ ഹയർസെക്കൻഡറി സ്കൂൾ അണുവിമുക്തമാക്കി. കോവിഡ് മഹാമാരിയെ തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ 26ന് പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള അണുവിമുക്തമാക്കലാണ് പൂർത്തിയായത്. സ്കൂളിൽമാത്രം 372 വിദ്യാർഥികൾ എസ്എസ്എൽസിയും 480 തിലധികം വിദ്യാർഥികൾ പ്ലസ് ടു പരീക്ഷയും എഴുതുന്നുണ്ട്. ജില് മാറി പരീക്ഷ എഴുതുന്ന വിദ്യാർഥികൾകൂടി എത്തുമ്പോൾ എണ്ണം ഇനിയും വർധിക്കും. പരീക്ഷാ തീയതി പ്രഖ്യാപനവും തുടർനടപടികൾക്കും സർക്കാർ നിർദേശം വന്നതുമുതൽ പിടിഎ പ്രസിഡന്റ് ടി എം ജോൺ, വൈസ് പ്രസിഡന്റ് അഡ്വ. കുര്യൻ വി കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ രക്ഷിതാക്കളും അധ്യാപകരും ഫയർഫോഴ്സും ചേർന്നുള്ള ശുചീകരണമാണ് നടന്നത്. സാമൂഹ്യ അകലം പാലിച്ചാണ് പരീക്ഷാഹാൾ ക്രമീകരിക്കുന്നത്. പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർഥികളെയും തെർമൽ സ്കാനിങ്ങിന് വിധേയമാക്കും. പനി ലക്ഷണമുള്ളവർക്കും വീടുകളിലെ ക്വാറന്റൈനിൽനിന്ന് വന്നിട്ടുള്ളവർക്കും പരീക്ഷ എഴുതാൻ പ്രത്യേക മുറി അനുവദിക്കും. കൈകൾ ശുദ്ധിയാക്കാനുള്ള സൗകര്യവും മാസ്‌കുകളും വിതരണംചെയ്യും. പരീക്ഷാ ഡ്യൂട്ടിയിലുള്ള അധ്യാപകർ മാസ്കും ഗ്ലൗസും ധരിക്കണം. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഇതിനായി 700 മാസ്കുകൾ നൽകും. സ്കൂളിലെ എൻഎസ്‌എസ്, ജെആർസി യൂണിറ്റുകളും മാസ്കുകൾ നിർമിച്ചു നൽകുന്നുണ്ടെന്നും സുരക്ഷാമാർഗനിർദേശങ്ങൾ പാലിച്ച് സുഗമമായ പരീക്ഷാ നടത്തിപ്പിനായി പൊലീസ് സഹായം അഭ്യർഥിച്ചതായി സ്കൂൾ പരീക്ഷാ കേന്ദ്രങ്ങളുടെ ചുമതലയുള്ള ചീഫ് സൂപ്രണ്ടുമാരായ കെ ആർ ഉണ്ണികൃഷ്ണൻ നായർ, എസ് ശ്രീദേവിയമ്മ എന്നിവർ അറിയിച്ചു. Read on deshabhimani.com