പ്രഥമാധ്യാപക തസ്തികയിൽ ‘കുടുംബവാഴ്ച’
കട്ടപ്പന അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും പുറ്റടി നെഹ്രു സ്‌മാരക ഹൈസ്കൂളിൽ പ്രഥമാധ്യാപകൻ. മേച്ചേരിൽ പി സേതുനാഥാണ് പ്രഥമാധ്യാപകനായി ചുമതലയേറ്റത്. മുമ്പ് അച്ഛൻ മേച്ചേരിൽ എൻ പത്മനാഭൻ പോറ്റിയും(പോറ്റിസാർ) അമ്മ പി എ ലീലയും സ്‌കൂളിന്റെ പ്രഥമാധ്യാപകരായിരുന്നു. ആദ്യകാലത്ത് എട്ട്, ഒമ്പത് ക്ലാസുകളോടെ പ്രവർത്തനം തുടങ്ങിയ സ്‌കൂൾ ഇന്ന് ഹയർസെക്കൻഡറി സ്‌കൂളാണ്. 1980ൽ ഹൈസ്‌കൂൾ പ്രഥമാധ്യാപകനായ പത്മനാഭൻ പോറ്റിക്ക് ശേഷം ഭാര്യ പി എ ലീലയായിരുന്നു 2000വരെ ഇവിടെ പ്രഥമാധ്യാപിക. 2004ൽ ഗണിതശാസ്‌ത്ര വിഭാഗം അധ്യാപനായി ജോലിയിൽ പ്രവേശിച്ച സേതുനാഥ് ഐടി പരിശീലകനായി 2019വരെ സേവനമനുഷ്ഠിച്ചു. ഐടി സംസ്ഥാന ട്രയിനറായിരിക്കെയാണ് സ്‌കൂളിൽ തിരിച്ചെത്തിയത്. മൂന്നുവർഷം മുമ്പ് പത്തനംതിട്ട മലയാലപ്പുഴ പഞ്ചായത്ത് സ്‌കൂളിലും പിന്നീട് ഏലപ്പാറ പഞ്ചായത്ത് സ്‌കൂളിലും പ്രഥമാധ്യാപകനായി പ്രവർത്തിച്ചശേഷമാണ് മാതൃവിദ്യാലയത്തിൽ തിരിച്ചെത്തിയത്. പ്രഥമാധ്യാപകനായിരുന്ന കെ എൻ ശശി കഴിഞ്ഞ മാസം ഹയർ സെക്കൻഡറി പ്രിൻസിപ്പലായി ചുമതലയേറ്റതിനെ തുടർന്നാണ് സേതുനാഥിനെ നിയമിച്ചത്. അഡ്വ. പ്രസീദ കെ പിള്ളയാണ് സേതുനാഥിന്റെ ഭാര്യ. മക്കളായ വിഷ്ണുദത്തും വിധുനന്ദനും നിയമ വിദ്യാർഥികളാണ്. Read on deshabhimani.com