ജനകീയ സദസ്സ് ഇന്ന് നെടുങ്കണ്ടത്ത്
നെടുങ്കണ്ടം സിഎച്ച്ആർ വിഷയത്തിൽ ജനങ്ങൾക്കുള്ള സംശയം ദുരീകരിക്കുന്നതിനും അഭിപ്രായങ്ങൾ ആരാഞ്ഞ് പരിഹാരം കണ്ടെത്താനുമായി ചൊവ്വാഴ്‌ച ജനകീയ സദസ്സ് സംഘടിപ്പിക്കും. നെടുങ്കണ്ടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പകൽ രണ്ടിന് നടക്കുന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകും. സിഎച്ച്ആർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കാലങ്ങളായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. പരിസ്ഥിതി സംഘടനകൾ നൽകിയ വസ്തുതാ വിരുദ്ധമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ 2002ലാണ് ഇത് സംബന്ധിച്ച് ആദ്യമായി സുപ്രിംകോടതിയിൽ കേസുണ്ടാകുന്നത്. സിഎച്ച്ആർ ഭൂമി വനമല്ല, റവന്യു ഭൂമിയാണെന്നും രാജഭരണ കാലത്ത് വിളംബരം ചെയ്‌തിട്ടുള്ള 15,720 ഏക്കർ മാത്രമാണ് വനഭൂമിയെന്നുമുള്ള നിലപാടാണ് എൽഡിഎഫ് സർക്കാരുകൾ സുപ്രീംകോടതിയിൽ സത്യവാങ്മൂലത്തിലൂടെ നൽകിയിട്ടുള്ളത്. 2021ൽ കേസ് വീണ്ടും സജീവമായ ഘട്ടത്തിൽ മുതിർന്ന അഭിഭാഷകനായ ജഗദീപ് ഗുപ്‌തയെ നിയോഗിക്കുകയും നിലപാട് ആവർത്തിക്കുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ ചില പ്രത്യേകതാൽപ്പര്യക്കാർ വസ്‌തുതാവിരുദ്ധമായ പ്രചരണങ്ങളാണ് നടത്തുന്നത്. കോൺഗ്രസ് സർക്കാർ വരുത്തിയ വിനാശം മറയ്ക്കാനും സ്വന്തം ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനും എംപിയുൾപ്പെടെ തെറ്റിദ്ധാരണ പരത്തി. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ റിപ്പോർട്ട് കൊണ്ടുവരിക, കപട പരിസ്ഥിതി വാദികൾക്ക് ഒത്താശ ചെയ്യുക, ഒളിഞ്ഞും തെളിഞ്ഞും നേതാക്കൾ കോടതികളിൽ കർഷകർക്കെതിരായി കക്ഷിചേരുക, തീവ്ര വനനിയമങ്ങൾ അടിച്ചേൽപ്പിക്കുക തുടങ്ങിയ നയങ്ങൾ സ്വീകരിച്ചത് കോൺഗ്രസാണ്. കോൺഗ്രസ് സർക്കാരുകൾ കർഷകർക്കുമേൽ അടിച്ചേൽപ്പിച്ച കുരുക്കുകളഴിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചുവരുന്നത്. സിഎച്ച്‌ആർ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി നടക്കുന്ന യോഗത്തിൽ വിവിധ കർഷക സംഘടനാ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും Read on deshabhimani.com