നാടിന് ഉത്സവമറിയിക്കാൻ വിളംബരജാഥ
തൊടുപുഴ 35-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് കഞ്ഞിക്കുഴി നങ്കിസിറ്റി ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 26 മുതൽ 30 വരെയാണ് കലോത്സവം. 26-ന് രാവിലെ ഒമ്പതിന് കഞ്ഞിക്കുഴി ടൗണിൽ വിളംബര ജാഥ നടക്കും. കഞ്ഞിക്കുഴി സിഐ ജി അനൂപ് ഫ്ലാഗോഫ് ചെയ്യും. തുടർന്ന് നങ്കിസിറ്റി സ്കൂളിലെ പ്രധാന വേദിയിൽ 11-ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്യും. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ് വയലിൽ അധ്യക്ഷനാകും. സ്പെഷ്യൽ സ്കൂൾ കലോത്സവ വിജയികളെ അനുമോദിക്കും. 27-നാണ് 10 വേദികളിലായി മത്സരങ്ങൾ തുടങ്ങുക. മത്സരത്തിനെത്തുന്ന കുട്ടികൾക്കും അധ്യാപകർക്കും താമസിക്കാനും പാർക്കിങ്ങിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും ഭക്ഷണവും ക്രമീകരിക്കും. ആവശ്യപ്പെടുന്നവർക്ക് വാഹന സൗകര്യവും സംഘാടക സമിതിയൊരുക്കും. 30-ന് സമാപന സമ്മേളനം നിയമസഭ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനംചെയ്യും. Read on deshabhimani.com