സമാന്തര സർക്കാരായി വനംവകുപ്പ്‌ 
മാറരുത്‌: സി വി വർഗീസ്‌

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ദേവികുളം വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്യുന്നു


മൂന്നാർ സമാന്തര സർക്കാരായി മാറുന്ന വനംവകുപ്പിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. സീ പ്ലെയിൻ പദ്ധതി അട്ടിമറിക്കുന്നതിന് ശ്രമിക്കുന്ന വനംവകുപ്പ്‌ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ദേവികുളം വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയിട്ടുള്ള ജില്ലയിലെയും പ്രത്യേകിച്ച് മൂന്നാറിലെയും സാധ്യതകളെ അട്ടിമറിക്കുന്ന സമീപനമാണ് വനംവകുപ്പ്‌ സ്വീകരിക്കുന്നത്‌. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ വിദേശത്ത് ജോലി തേടി പോകുന്ന സ്ഥിതിയാണുള്ളത്‌. സ്വന്തം നാട്ടിൽ തന്നെ ഇവർക്ക്‌ ജോലി സാധ്യത ടൂറിസത്തിലുണ്ട്‌. ശാസ്ത്രീയ പഠനം നടത്താതെയാണ് വനംവകുപ്പ് സീ പ്ലെയിൻ പദ്ധതിക്ക് തടസം നിൽക്കുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളെക്കാൾ വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനാണ്‌ പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായുള്ള ഇടപെടലാണ് വനംവകുപ്പ്‌ നടത്തുന്നത്‌. വനം വകുപ്പിന്റെ അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കേണ്ടിവരുമെന്നും സി വി വർഗീസ്‌ പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ എസ് സുധീഷ് അധ്യക്ഷനായി. അഡ്വ. എ രാജ എംഎൽഎ, സെക്രട്ടറി രമേഷ് കൃഷ്ണൻ, ജോയിന്റ്‌ സെക്രട്ടറി തേജസ് കെ ജോസ്, മൂന്നാർ ബ്ലോക്ക് സെക്രട്ടറി കെ വി സമ്പത്ത്, സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ്, സിപിഐ എം മുന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News