എ കെ ജി വിളിച്ചു ‘അമരാവതി’



കുമളി ‘അമരാവതി’ ഒരു പേരുമാത്രമല്ല, ഉജ്വലമായൊരു സമരചരിത്രത്തിന്റെ മധുരമുള്ള ഓർമകൂടിയാണ്‌. വ്യത്യസ്തമായ പേരിന്റെ രഹസ്യം ചോദിച്ചാൽ കേരളം ഓർമിക്കുന്നൊരു സമരത്തിന്റെ കഥകൂടി പറയാനുണ്ട്‌. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി അമരാവതി എന്ന വീട്ടമ്മയ്ക്ക്‌. എ കെ ജിയാണ് തനിക്ക്‌ പേരിട്ടതെന്ന് ഈ വീട്ടമ്മ ഇപ്പോഴും അഭിമാനത്തോടെ പറയും.  വർഷം 1961, കർഷകപ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക്‌ നാടൊന്നാകെ അണിനിരന്ന കാലം. ഏഴായിരത്തോളം മനുഷ്യരെ കുടിയിറക്കിയതറിഞ്ഞാണ്‌ എ കെ ജിയും കർഷകനേതാക്കളും അമരാവതിയിലെത്തിയത്‌. സർക്കാർ സമീപനത്തിനെതിരെ ജൂൺ ആറിന് എകെജി നിരാഹാരസമരം ആരംഭിച്ചു. ലോക്‌സഭ പ്രതിപക്ഷനേതാവായിരുന്ന എ കെ ജി നിരാഹാരമാരംഭിച്ചതോടെ അമരാവതിപ്രശ്നം ദേശീയശ്രദ്ധയാകർഷിച്ചു. ഭാര്യ സുശീല ഗോപാലന്‌ താമസമൊരുക്കിയത്‌ കുമളി ശ്രീകുമാർ ഹോട്ടലുടമയുടെ വീട്ടിലായിരുന്നു. അക്കാലത്ത് കുമളിയിലെത്തുന്ന പാർടി നേതാക്കളെല്ലാം തങ്ങിയിരുന്നത് പ്രധാനമായും ഈ വീട്ടിലായിരുന്നു. ശ്രീകുമാർ ഹോട്ടലുടമ പത്മനാഭപിള്ള സമരത്തിന് എല്ലാ സഹായവും നൽകി. ഇന്നത്തെ അമരാവതി ഗവ. ഹൈസ്കൂളിന് എതിർവശത്തായിരുന്നു സമരപ്പന്തൽ. പത്മനാഭപിള്ളയുടെ കുട്ടികളുമൊത്താണ് സുശീലാ ഗോപാലൻ സമരകേന്ദ്രത്തിൽ മിക്കപ്പോഴും എത്തിയിരുന്നത്.   ഹോട്ടലിൽ സഹായികളായിരുന്നു ശകുന്തളയും ഭർത്താവ് രാജു നായിഡുവും. ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയുമായി ദിവസവും രാവിലെ കുമളിയിൽനിന്ന് ശകുന്തള ഒന്നര കിലോമീറ്റർ അകലെയുള്ള ഒന്നാംമൈലിലെ സമരകേന്ദ്രത്തിലെത്തും.  എ കെ ജിയുടെ പുതപ്പും വസ്ത്രങ്ങളും അലക്കി ചുറ്റുവട്ടം തൂത്തുവാരി ഏതാനും മണിക്കൂറുകൾക്കുശേഷം ശകുന്തള മടങ്ങും. ജോലിക്കിടെ സമരപ്പന്തലിന് സമീപം പായ വിരിച്ച് കുഞ്ഞിനെ കിടത്തും. കുഞ്ഞിന്‌ ശകുന്തളയുടെ ഭർത്താവ് രാജു നായിഡുവിന്റെ അമ്മ അളകമ്മയുടെ പേരിടാനിരുന്നതാണ്‌. എന്നാൽ അമരാവതി സമരത്തിന്റെ ഓർമയ്ക്കായി എ കെ ജി പേര്‌ ചൊല്ലി വിളിച്ചു, ‘അമരാവതി’. മകൾക്ക്‌ എ കെ ജിയിട്ട പേര്‌ ശകുന്തളയും ഭർത്താവും സ്നേഹത്തോടെ സ്വീകരിച്ചു. ജൂൺ 14ന് എ കെ ജിയെ അറസ്റ്റ്ചെയ്തതിന്റെ തലേദിവസമായിരുന്നു പേരിടീൽ. അറസ്റ്റ് ചെയ്ത് കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ചശേഷം വീണ്ടും അവിടെയും സമരം തുടർന്നു. രണ്ടുദിവസം നീണ്ട കൂടിയാലോചനയ്ക്ക് ശേഷം സർക്കാരിനുവേണ്ടി ആഭ്യന്തരമന്ത്രി രേഖാമൂലം കൊടുത്ത ഉറപ്പിൻമേൽ ജൂൺ 17ന് പകൽ ഒന്നിന്‌എകെജി നിരാഹാരം പിൻവലിച്ചു.  അയ്യപ്പൻകോവിൽ 
കുടിയിറക്കൽ ഇടുക്കി അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് അയ്യപ്പൻകോവിൽനിന്ന്‌ 1700 കുടുംബങ്ങളെ അന്നത്തെ കോൺഗ്രസ്‌ സർക്കാർ കുടിയിറക്കിയതായിരുന്നു കാരണം. 1961 മെയ് രണ്ടിന്‌ കർഷകരുടെ വീടുകൾ തീവച്ചു.  ബലം പ്രയോഗിച്ച് 40 മൈൽ അകലെയുള്ള കുമളിക്ക് സമീപം അമരാവതിയിൽ തള്ളി. ദുരിതത്തിൽ പലരും മരിച്ചു. സർക്കാരിന് നിവേദനം നൽകിയെങ്കിലും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. കോരിച്ചൊരിയുന്ന മഴയിൽ കയറിക്കിടക്കാൻ കുടിലോ വിശപ്പകറ്റാൻ ആഹാരവുമില്ലാതെ ദുരിതക്കയത്തിലാണ്ടവരുടെ നീതിക്കായി എ കെ ജിയും കർഷകനേതാക്കളും അമരാവതിയിലെത്തി ഐതിഹാസിക സമരത്തിന് നേതൃത്വം നൽകിയത്. Read on deshabhimani.com

Related News