വനസംരക്ഷണ നിയമപ്രകാരം ഒരിഞ്ച് അധിക ഭൂമിപോലും കൈയേറില്ല: മന്ത്രി എ കെ ശശീന്ദ്രൻ
തിരുവനന്തപുരം 2023 ലെ വന സംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം ഒരുവിധ കർഷക വിരുദ്ധ തീരുമാനവും എടുക്കില്ലെന്നും നിലവിലുള്ള വനത്തേക്കാൾ ഒരിഞ്ച് ഭൂമിപോലും കൂടുതലായി ഏറ്റെടുക്കില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ എൽഡിഎഫ് നേതാക്കളുമായി നടന്ന ചർച്ചയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. 1980 ലെ വനസംരക്ഷണ നിയമത്തിൽ വനത്തെ കൃത്യമായി നിർവചിച്ചിരുന്നില്ല. തുടർന്ന് സുപ്രീംകോടതി വനം എന്നതിന് 1996 ഡിസംബർ 12ന് പുറപ്പെടുവിച്ച വിധി പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട വന പ്രദേശം കൂടാതെ ഏതെങ്കിലും കാലഘട്ടത്തിൽ സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ളതും വനത്തിന്റെ സ്വഭാവം ഉള്ളതുമായ എല്ലാ പ്രദേശങ്ങളും വനമായി കണക്കാക്കപ്പെടും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇടുക്കി പോലുള്ള മേഖലകളിൽ കാർഷിക ഭൂമിയിൽ മരം നട്ടുപിടിപ്പിച്ചിട്ടുള്ളതും ഏലകൃഷിക്ക് ആവശ്യമായ തണൽ ലഭിക്കുന്നതിന് മരങ്ങൾ നിർത്തിയിട്ടുള്ളതും മൂലം ഇത്തരം പ്രദേശങ്ങൾ വനമായി ചിത്രീകരിക്കരുത്. 2023 ലെ ഭേദഗതി പ്രകാരം വനത്തിന്റെ നിർവചനത്തിന് പുറത്താക്കപ്പെട്ട പട്ടയം ലഭിച്ചിട്ടുള്ള ഭൂമി, പട്ടയം നൽകുന്നതിനായി മാറ്റി വെച്ചിട്ടുള്ള ഭൂമി, ഏലംകൃഷിക്കായി മാറ്റിവച്ചിട്ടുള്ള ഭൂമി, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആസ്‌തി രജിസ്‌റ്ററിൽ റോഡായും മറ്റ് അടിസ്ഥാന സൗകര്യങ്ങളായും 1996നു മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള ഭൂമി എന്നിവയെല്ലാം കണ്ടെത്തി വനത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കണം. ഭേദഗതിയിൽ പറഞ്ഞിട്ടുള്ള കർഷകർക്ക് അനുകൂലമായ ഇത്തരം വിഷയങ്ങൾ പ്രാവർത്തികമാക്കാൻ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മന്ത്രി റോഷി അഗസ്റ്റിനെ കൂടാതെ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, എൻസിപി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ തുടങ്ങിയവരാണ് വനം മന്ത്രിയും വകുപ്പ് ഉന്നതതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. തുടർ ചർച്ചകൾക്കും നടപടിക്കും സമിതി വിപുലീകരിച്ചു 2023 ലെ ഭേദഗതി നിയമത്തിലെ തുടർ ചർച്ചകൾക്കായി നിലവിൽ നിയോഗിച്ചിട്ടുള്ള സമിതിയെ വിപുലീകരിച്ചു. തദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, കൃഷി വകുപ്പ് ഡയറക്ടർ, ലേബർ കമീഷണർ, ലാൻഡ് ബോർഡ് കമീഷണർ, ഫോറസ്റ്റ് കൺസർവേറ്റർ എന്നിവരെ കൂടി ചേർത്താണ് വിപുലീകരിച്ചിട്ടുള്ളത്. അതത് മേഖലകളിലെ ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ നിർദേശങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആഗസ്‌ത് രണ്ടിന് ചേരുന്ന വനം വകുപ്പിന്റെ ഉന്നതതല യോഗത്തിൽ അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്നും പിസിസിഎഫ് പറഞ്ഞു . വനം മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് ഗംഗ സിങ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്(ഫോറസ്റ്റ് മാനേജ്‌മെൻ്റ്) ഡോ പി പുഗഴേന്തി, ചീഫ് ഫോറസ്റ്റ് ഓഫീസർ സാമുവൽ വി പാപ്പച്ചൻ, ഡി സി എഫ് എം വി ജി കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com