ഗാട്ടിൽ തുടങ്ങി തോട്ടംമേഖലയുടെ ദുരിതം
ഏലപ്പാറ ‘ദയവായി ഗാട്ടിൽ ഒപ്പ് വയ്ക്കരുത് ഞങ്ങളുടെ ജീവിതം തകരും’ ഈ ഒരു മുദ്രവാക്യം മുഴങ്ങിയത് തോട്ടംമേഖലയിലാണ്. നരസിംഹറാവു സർക്കാർ കൊണ്ടുവന്ന പുത്തൻ സാമ്പത്തികനയങ്ങളിൽ തകർന്ന തോട്ടംമേഖലയുടെ ആക്കം കൂട്ടുകയാണ് മോദി സർക്കാരിന്റെ മൂന്നാമൂഴത്തിലെ ബജറ്റ്. തോട്ടംതൊഴിലാളികൾക്ക് ആശ്വാസപദ്ധതികളില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുൾപ്പെടെയുള്ളവർ ലയങ്ങളിലെ നരകജീവിതം കണ്ടില്ല, ഇടപ്പെടലും നടത്തിയില്ല. കോൺഗ്രസ് സർക്കാരിന്റെ നയങ്ങളും വൻകിട കോർപ്പറേറ്റുകളെ സഹായിക്കുന്ന നടപടിയും തുടരുകയാണ്. കോൺഗ്രസ് നേതാവ് മൻമോഹൻസിങ് ധനമന്ത്രിയായിരുന്നകാലത്ത് ആരംഭിച്ച സ്വതന്ത്ര വ്യാപാരകരാറിൽ 10 വർഷത്തിനിടയിൽ പീരുമേട് താലൂക്കിലെ തോട്ടം വ്യവസായം ഓരോന്നായി തകരാൻ തുടങ്ങി. 20,000 തൊഴിലാളികൾ പട്ടിണിയും പരിവട്ടവുമായി 18 തോട്ടങ്ങൾ അടച്ചുപൂട്ടിയിരുന്നു. എ കെ ആന്റണി– ഉമ്മൻചാണ്ടി നേതൃത്വത്തിലുള്ള ഭരണത്തിൽ കേരളത്തിലെ തോട്ടംമേഖല കടുത്ത വെല്ലുവിളികൾ നേരിട്ട് 150 തൊഴിലാളികൾ ചികിത്സകിട്ടാതെ മരിച്ചു. സ്കൂൾ യൂണിഫോം ഇല്ലാത്തതിന്റെ പേരിൽ വേളാങ്കണ്ണി എന്ന പെൺകുട്ടി മാട്ടിൻ തൊഴുത്തിൽ തൂങ്ങിമരിച്ചു. ഇടതുപക്ഷ ട്രേഡ് യുണിനുകൾ സമരങ്ങൾ ശക്തമാക്കി അധികാരികളുടെ കണ്ണുതുറപ്പിക്കാൻ തലസ്ഥാന നഗരിയിലേയ്ക്ക് 20 ദിവസം നീണ്ടുനിന്ന പട്ടിണി മാർച്ച് നടത്തി. 1996 ൽ യുഡിഎഫ് സർക്കാരിനെതിരെ തെരഞ്ഞടുപ്പിൽ കേരളം ശക്തമായി പ്രതികരിച്ചു. ഇതിനിടിയിൽ ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വന്നു. പട്ടിണി മരണങ്ങൾ ഉണ്ടാകാതിരിക്കാൻ സിഐടിയു സജീവമായി രംഗത്തുവന്നു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും ഭക്ഷ്യധാന്യങ്ങൾ സംഭരിച്ച് തൊഴിലാളികൾക്ക് വിതരണം ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതെ പഠനോപകരണങ്ങൾ നൽകി അവരെ ചേർത്ത് നിർത്തി. കോൺഗ്രസ് രാജ്യത്ത് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചു. ഭരണം കോർപ്പറേറ്റുകളുടെ കൈകളിൽ ബിജെപി സഹായത്തോടെ എത്തിച്ചു. അധികാരത്തിൽ വന്നാൽ തോട്ടം മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന വാഗ്‌ദാനം ബിജെപി– സംഘപരിവാർ സംഘടനകളും പാലിച്ചില്ല. മൂന്നാം ഊഴം ലഭിച്ചിട്ടും കാര്യമായൊന്നും നീക്കിവച്ചില്ല. Read on deshabhimani.com