കോണ്‍​ഗ്രസില്‍ 
ഭിന്നത രൂക്ഷം



  ഇടുക്കി അഭിപ്രായഭിന്നത അവസാനിക്കാതെ കോൺ​ഗ്രസിൽ പ്രതിസന്ധി രൂക്ഷം. ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്‌‍മ വീണ്ടും പരസ്യമായി. ഡിസിസി പ്രസിഡന്റിന്റെ തീരുമാനം വീണ്ടും മരവിപ്പിച്ച് കെപിസിസി ഉത്തരവിറക്കിയതാണ് പുതിയ ഭിന്നത. പ്രവർത്തനത്തിൽ ​ഗുരുതര വീഴ്‍ച വരുത്തിയ മുട്ടം മണ്ഡലം പ്രസിഡന്റ് ഷൈജ ജോമോനെയാണ് തിങ്കളാഴ്‍ച ഡിസിസി പ്രസിഡന്റ് സി പി മാത്യു പുറത്താക്കിയത്. എന്നാൽ ഈ തീരുമാനം മരവിപ്പിച്ച് ബുധനാഴ്‍ച കെപിസിസി ഉത്തരവിറക്കി. സംസ്ഥാന നേതൃത്വത്തിന്റെ അനുവാദമില്ലാതെ എടുത്ത തീരുമാനം മരവിപ്പിക്കുന്നു എന്നായിരുന്നു ഉത്തരവിൽ. എന്നാൽ കെപിസിസിക്ക് നേരത്തെ കത്ത് നൽകിയിരുന്നതായി സി പി മാത്യുവും പറയുന്നു. ഡിസിസി പ്രസിഡന്റിന്റെ അഭിപ്രായം തേടാതെ പെരുവന്താനം മണ്ഡലം പ്രസിഡന്റിനെ കെപിസിസി പ്രസിഡന്റ്‌ മാറ്റിയത്‌ ഏതാനുംദിവസം മുമ്പായിരുന്നു.  എട്ടുമാസം മുമ്പാണ് ഷൈജ ജോമോൻ പ്രസിഡന്റായത്. എന്നാൽ ഇതുവരെ ചാർജെടുത്തിട്ടില്ല. ബ്ലോക്ക്, ജില്ലാ കമ്മിറ്റികളിൽ പങ്കെടുത്തിട്ടില്ല. ഉമ്മൻചാണ്ടി അനുസ്‍മരണം അടക്കമുള്ള പരിപാടികൾ നടത്താൻ നേതൃത്വം നൽകിയില്ല തുടങ്ങിയ വീഴ്‍ചകൾ കണക്കിലെടുത്താണ് സി പി മാത്യു ഇവരെ പുറത്താക്കിയത്.  സി പി മാത്യു അറിയാതെ പെരുവന്താനം മണ്ഡലം പ്രസിഡന്റ് ഷാജി പുല്ലാട്ടിനെ സ്ഥലം മാറ്റിയതിന്റെ പുകിൽ കോൺഗ്രസിൽ വിവാദങ്ങൾക്ക്‌ വഴിവച്ചിട്ടുണ്ട്‌. ഇത്‌ അവസാനിക്കുംമുമ്പാണ് കോൺ​ഗ്രസ് ക്യാമ്പിൽനിന്ന് വീണ്ടും പുകയുയരുന്നത്. പെരുവന്താനം പഞ്ചായത്ത്‌ ഓഫീസിനുള്ളിലിരുന്ന് പരസ്യമായി മദ്യപിച്ചതിനായിരുന്നു ഷാജിക്കെതിരെ നടപടി. എന്നാൽ താനറിയാതെ കെപിസിസി നീക്കം ചെയ്ത‌തിൽ പ്രതിഷേധിച്ച് സമീപദിവസം തന്നെ സി പി മാത്യു കെ സുധാകരന് രാജിക്കത്ത് നൽകിയിരുന്നു. ഇത് സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. അടിമാലിയിൽ വീട് കൈമാറ്റച്ചടങ്ങിനെത്തിയതായിരുന്നു സുധാകരൻ. ചടങ്ങിൽ പങ്കെടുക്കാതെ സി പി മാത്യു മടങ്ങിയിരുന്നു. എന്നാൽ കടുത്ത ഗ്രൂപ്പ് പോരും ഒറ്റപ്പെടലുകളും കാരണമാണെന്നാണ് സൂചന.  സി പി മാത്യുവിനെതിരായ നിരവധി ആരോപണങ്ങൾ ജില്ലയിൽനിന്ന് കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. നാളുകളായി കെപിസിസി, ഡിസിസി നേതൃനിരയിലെ പ്രമുഖരുമായി സ്വരച്ചേർച്ചയിലല്ല സി പി മാത്യു. രാജിക്കത്ത് കൈമാറിയതിന് പിന്നാലെ മറ്റൊരു തിരിച്ചടികൂടി നേരിടുകയാണ് ഡിസിസി പ്രസിഡന്റിപ്പോൾ. സ്ഥാനമൊഴിഞ്ഞാൽ എ, ഐ വിഭാ​ഗങ്ങളും കെ സി വേണു​ഗോപാൽ പക്ഷവും അടുത്ത പ്രസിഡന്റാവാൻ കാത്തിരിക്കുന്നു.   Read on deshabhimani.com

Related News