ശബരിമല തീർഥാടകർക്ക് സൗകര്യങ്ങൾ 
ഉറപ്പാക്കും: കലക്ടർ



ഇടുക്കി ശബരിമല തീർഥാടകർക്ക് ആവശ്യസൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് കലക്ടർ വി വിഗ്നേശ്വരി. ശബരിമല തീർഥാടനം സംബന്ധിച്ച് ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ആവശ്യമായ ഇടങ്ങളിൽ കുടിവെള്ളം, ശൗചാലയ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി. മോട്ടോർ വാഹനവകുപ്പ് തീർഥാടന പാതയിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കും. ഹോട്ടലുകളിൽ വിലവിവരപട്ടിക പ്രദർശിപ്പിക്കാനും അമിതവില ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് ചുമതല. വഴികളിൽ വെളിച്ചം ഉറപ്പാക്കാൻ കെഎസ്ഇബി സൗകര്യമൊരുക്കണം. വിവിധ വകുപ്പുകൾ ശബരിമല തീർഥാടനകാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധച്ചും യോഗം ചർച്ചചെയ്തു. പാതകളിലെ അറ്റകുറ്റപ്പണി, കാട് വെട്ടിത്തെളിക്കൽ, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ എന്നീ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുമാരാമത്ത് വകുപ്പിന് നിർദേശം നൽകി. തീർഥാടന പാതയിലും ഇടത്താവളങ്ങളിലും ഭക്ഷ്യസാധനങ്ങളുടെ വില ഏകീകരിച്ച് വിവരം പത്രമാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും അറിയിക്കും. മുക്കുഴി, സത്രം, പുല്ലുമേട് എന്നീ ഇടത്താവളങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ, വണ്ടിപ്പെരിയാർ, കുമളി, പീരുമേട് എന്നീ ആരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ ഓഫീസറുടെ സേവനം, പീരുമേട് താലൂക്ക് ആശുപത്രിയിൽ വിഷബാധയ്ക്കുള്ള മരുന്നുകളുടെ ലഭ്യത എന്നിവ 24 മണിക്കൂറും ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. മഞ്ചുമല വില്ലേജ് ഓഫീസിനോട് ചേർന്ന് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. തിരക്കുള്ള ദിവസങ്ങളിൽ കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ നടത്തും. കുമളി ടൗണിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കാൻ പൊലീസ് പ്രത്യേക പദ്ധതി തയാറാക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്, സബ് കലക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു ജേക്കബ്‌, ജനപ്രതിനിധികൾ, ജില്ലാതല വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News