കേന്ദ്രനയങ്ങള്‍ക്കെതിരെ അധ്യാപകരോഷം



തൊടുപുഴ കേന്ദ്രസർക്കാർ നയങ്ങൾ മൂലമുള്ള വിദ്യാഭ്യാസ രം​ഗത്തെ വിവിധ പ്രശ്‍നങ്ങൾക്കെതിരെ കെഎസ്‍ടിഎ നടത്തിയ ജില്ലാ മാർച്ചിലും ധർണയിലും പ്രതിഷേധമിരമ്പി. ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തുപകരുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്‍കരണ കുടിശ്ശികകൾ അനുവദിക്കുക, വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുന:ക്രമീകരിക്കുക, പൊതുവിദ്യാഭ്യാസ മേഖലയുടെ ഏകീകരണ നടപടികൾ വേ​ഗത്തിലാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, അധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പകൽ 11ന് തൊടുപുഴ കെഎസ്‍ടിഎ ഭവന് മുന്നിൽനിന്നാരംഭിച്ച മാർച്ച് ന​ഗരംചുറ്റി മുനിസിപ്പൽ മൈതാനത്ത് സമാപിച്ചു.  നൂറുകണക്കിന് അധ്യാപകർ അണിനിരന്നു. ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനംചെയ്‍തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ആർ മനോജ് അധ്യക്ഷനായി.      സംസ്ഥാനത്തെ പൊതുവി​ദ്യാഭ്യാസരം​ഗം രാജ്യത്തിനാകെ മാതൃകയാണ്. എന്നാൽ കേന്ദ്രസർക്കാർ കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെയും വിദ്യാഭ്യാസമുന്നേറ്റത്തെയും തടസപ്പെടുത്തുന്നു. ദേശീയ വിദ്യാഭ്യാസത്തിലൂടെ വിദ്യാഭ്യാസരം​ഗത്തെ വർ​ഗീയവൽക്കരിക്കുകയും സ്വകാര്യവൽക്കരിക്കുകയും ചെയ്യുകയാണ്. സംസ്ഥാന എക്‍സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ പി എ ഗോപാലകൃഷ്‍ണൻ, എ എം ഷാജഹാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ആർ ഷാജിമോൻ, അപർണ നാരായണൻ, എം രമേഷ്, ജില്ലാ സെക്രട്ടറി എം ആർ അനിൽകുമാർ, ട്രഷറർ എം തങ്കരാജ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News