പച്ചക്കറി വ്യാപാരിയുടെ കൊലപാതകം: പ്രതികൾ പിടിയിൽ



റാന്നി ക്യാരറ്റ്‌ എടുത്തത്‌ സംബന്ധിച്ച തർക്കത്തെ തുടർന്ന്‌ പച്ചക്കറിക്കട ഉടമയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. റാന്നി അങ്ങാടിയിൽ എസ്‌ബിഐയ്‌ക്ക്‌ സമീപം പച്ചക്കറി കട നടത്തുന്ന ചേത്തക്കൽ പുത്തൻപുരയ്‌ക്കൽ അനിൽകുമാറിന്റെ(50) കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തിങ്കൾ രാത്രി പത്തരയോടെയാണ് സംഭവം. കരിങ്കുറ്റി പുറത്തേ തടത്തിൽ കാലായിൽ പ്രദീപ് (43), കരിങ്കുറ്റി കടമാൻകുളത്ത് വീട്ടിൽ രവീന്ദ്രൻ (42) എന്നിവരെയാണ് റാന്നി പൊലീസ് അറസ്റ്റുചെയ്തത്.   തിങ്കൾ രാത്രി എട്ടേകാലോടെ പ്രദീപും രവീന്ദ്രനും പച്ചക്കറിക്കടയിൽ എത്തി ക്യാരറ്റ് എടുത്ത് തിന്നു. ഇതുകണ്ട് ക്യാരറ്റിന് വില കൂടുതലാണ്, ആവശ്യമെങ്കിൽ വിലയ്ക്കുവാങ്ങി ഉപയോഗിക്കൂ എന്ന്‌ കടയിലെ ജീവനക്കാരി മഹാലക്ഷ്മിയും ഭർത്താവും പറഞ്ഞു. കാൽകിലോ ക്യാരറ്റ് വാങ്ങി പണം കൊടുക്കാതെ മടങ്ങാൻ ശ്രമിച്ച ഇവരെ മഹാലക്ഷ്മിയും ഭർത്താവും തടഞ്ഞു. വാക്കേറ്റത്തെ തുടർന്ന് ഉന്തും തള്ളുമായി. തിരികെവന്ന് കാണിച്ചുതരാം എന്നുപറഞ്ഞ് സ്കൂട്ടറുമായി പോയവർ രാത്രി പത്തരയോടെ വടിവാളുമായി എത്തി ആക്രമിക്കുകയായിരുന്നു. ഈ സമയം മഹാലക്ഷ്മിയുടെ ഭർത്താവ് കടയിൽ ഇല്ലായിരുന്നു. മഹാലക്ഷ്മിയുടെ കൈയ്ക്കാണ് വെട്ടേറ്റത്. ഇതുകണ്ട് തടയാൻ എത്തിയ അനിൽകുമാറിന് വെട്ടേറ്റു. ഇറങ്ങി ഓടിയതിന് പിന്നാലെ എത്തി ഇയാളെ റോഡിലിട്ട് വീണ്ടും വെട്ടി. ബഹളം കേട്ട് എത്തിയ നാട്ടുകാർ അനിൽകുമാറിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തലയ്ക്കുപിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. അപ്പോൾ തന്നെ പൊലീസും സ്ഥലത്തെത്തി. സംഭവസ്ഥലത്തുനിന്ന്‌ ബൈക്കിൽ കയറി രക്ഷപെടാൻ ശ്രമിച്ച പ്രതികളുടെ വാഹനം നാട്ടുകാർ മറിച്ചിട്ടു. ഇതോടെ ഇവർ ഇറങ്ങി ഓടി. ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.  റാന്നി സർക്കിൾ ഇൻസ്പെക്ടർ ജിബു ജോർജ്, എസ്ഐ ബി എസ് ആദർശ്, ലിജു തോമസ്, അജു കെ അലി, എല്‍ ടി ലിജു, സനൽ, സുനിൽ ഗോകുല്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പരിക്കേറ്റ മഹാലക്ഷ്മിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറൻസിക് ഓഫീസർ കെ പി രമ്യയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അനിൽകുമാറിന്റെ മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. ഭാര്യ: പുഷ്‌പ. മക്കൾ: അഞ്‌ജന, അനൂപ്‌.    Read on deshabhimani.com

Related News