ഉടുമ്പൻചോലയില്‍ 42 കോടിയുടെ വികസന പദ്ധതികള്‍
നെടുങ്കണ്ടം ഉടുമ്പൻചോല മണ്ഡലത്തിൽ 42കോടിയുടെ വികസന പദ്ധതികൾക്ക് ഭരണാനുമതി. വാടക കെട്ടിടത്തിൽ പരിമിത സ്ഥല സൗകര്യത്തിൽ പ്രവർത്തിക്കുന്ന നെടുങ്കണ്ടം അഗ്നിരക്ഷാ സേനയ്‍ക്ക് പുതിയ കെട്ടിടത്തിന് നാലുകോടി രൂപയടക്കം ഒമ്പത് പദ്ധതികൾക്കാണ് അനുമതി. നെടുങ്കണ്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം റവന്യൂ വകുപ്പ് കൈമാറിയ 85 സെന്റിലാണ് കെട്ടിടം നിർമിക്കുക. അഗ്നിരക്ഷാ സേന പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണെന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. സേനയ്‍ക്ക് പുതിയ വാഹനങ്ങളും ലഭ്യമാക്കുമെന്ന് എം എം മണി എംഎൽഎ ഉറപ്പുനൽകി. ചെല്ലാർകോവിൽ–-നെറ്റിത്തൊഴു റോഡ്, നടുമുറ്റം–--മുണ്ടപ്ലാക്കൽപടി-–- എൻആർ സിറ്റി റോഡ്, പൊത്തക്കള്ളി–-ആട്ടുപാറ–-കരിമല റോഡ് എന്നിവയ്‍ക്ക് ഒരുകോടി രൂപ വീതമുണ്ട്. ഇരട്ടയാർ–--വാഴവര–-പള്ളിനിരപ്പ് റോഡിന് 8.5 കോടിയും തൂക്കുപാലം–--കമ്പംമെട്ട് റോഡിന് 10.5 കോടിയു അനുവദിച്ചു. ഇവ ബിഎം ആൻഡ് ബിസി നിലവാരത്തിലാകും നിര്‍മാണം. ആശാരിക്കവല–-തോവാള-–-മന്നാക്കുടി-–-പാമ്പാടുംപാറ റോഡിനും 8.5 കോടി രൂപയുണ്ട്. നെടുങ്കണ്ടം സ്‌പോർട്‌സ് ഹോസ്റ്റലിന് പുതിയ കെട്ടിടത്തിന് അഞ്ച് കോടി, കുമളി–--മൂന്നാർ സംസ്ഥാന പാതയിലെ ശാന്തൻപാറ–--ചന്നക്കടവ് പാലം നിർമാണത്തിന് 2.5കോടി രൂപയ്‍ക്കും ഭരണാനുമതിയായി. Read on deshabhimani.com