കാഴ്‌ചകളുടെ അണകെട്ടി പൊന്മുടി

പൊന്മുടി അണക്കെട്ട്‌


 രാജാക്കാട് ഇടതൂർന്ന ഹരിതസസ്യങ്ങൾക്കും മരങ്ങൾക്കും നടുവിൽ കുന്നിൻചരിവിലെ നീലജലാശയം. ജല സംഭരണിക്കുമേലെയുള്ള ചെറുകുന്നിൽനിന്നുള്ള വിദൂരകാഴ്‌ചകൾ. സഞ്ചാരികളുടെ കണ്ണിനും മനസ്സിനും കുളിർമ പകരുന്ന അനുഭവമാണ്‌ പൊന്മുടി സമ്മാനിക്കുന്നത്‌. ചുരുങ്ങിയ കാലംകൊണ്ടുതന്നെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി പൊന്മുടി. ഒരുവശത്ത് വന്യത തീർക്കുന്ന ഏകാന്തതയും മറുവശത്ത് കാണികൾക്ക് വിസ്മയക്കാഴ്ച ഒരുക്കുന്ന നാടുകാണിയും കൗതുകം പകരുന്നു. പൊന്മുടി ജലാശയത്തിലൂടെ വൈവിധ്യ കാഴ്ചകളും ആസ്വദിച്ചുള്ള ബോട്ടിങ്ങും ഹൃദ്യം. വൃഷ്ടിപ്രദേശമാകെ ഇടതൂർന്ന മരങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. ജീവിതത്തിരക്കുകളിൽനിന്ന്‌ ‘സമാധാനാന്തരീക്ഷം തേടിയെത്തുന്നവർക്ക്‌ സുഖശീതളിമയിൽ ബോട്ടിങ്‌ ആസ്വദിക്കാം.  വർഷങ്ങളായി കാടുപിടിച്ചുകിടന്നിരുന്ന വൈദ്യുതി ബോർഡിന്റെ സ്ഥലത്ത് ചിൽഡ്രൻസ് മിനി പാർക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തികച്ചും പ്രകൃതിദത്തമായ രീതിയിലാണ് വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. വിവിധ പ്രദേശങ്ങളിൽനിന്ന്‌ സഫാരി വാഹനങ്ങളിലാണ്‌ കൂടുതൽപേരും ഇവിടെയെത്തുന്നത്. അണക്കെട്ടിന്‌ തൊട്ടുതാഴെയുള്ള തൂക്കുപാലം കാണാനും നിരവധിപേർ എത്തുന്നുണ്ട്. ഡാം നിർമാണവേളയിൽ ജീവൻ നഷ്ടമായ 12 തൊഴിലാളികളുടെ സ്മരണാർഥം നിർമിച്ചിട്ടുള്ള സ്മാരകം ഇവിടെയുണ്ട്. അണക്കെട്ടിൽനിന്നു നോക്കിയാൽ കാണുന്ന നാടുകാണി മലയാണ് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരിടം. ഡാമിൽനിന്ന് രണ്ട് കിലോമീറ്ററോളം യാത്ര ചെയ്താൽ ഇവിടെയെത്താം. വൈദ്യുതി ബോർഡിന്റെ അധീനതയിലുള്ള ഇവിടെനിന്നുള്ള വിദൂര കൗതുകക്കാഴ്ചകൾ വിസ്മയം തീർക്കും. സായാഹ്നങ്ങളിൽ മിന്നിമറിയുന്ന അസ്‌തമയ സൂര്യശോഭകാണാനും തിരക്കോടുതിരക്ക്‌.  ശ്രീനാരായണപുരം വെള്ളച്ചാട്ടവും കള്ളിമാലി വ്യൂ പോയിന്റും ഇതിന്റെ സമീപമാണ്. രാജാക്കാട് സഹകരണ ബാങ്കും ഹൈഡൽ ടൂറിസവും സംയുക്തമായാണ് പൊന്മുടി ടൂറിസം കേന്ദ്രം നടത്തുന്നത്.  പെരിയാർ കൈവഴിയും 
മൂന്നാറും പെരിയാറിന്റെ കൈവഴിയായ പന്നിയാർ പുഴയ്ക്ക് കുറുകെ നിർമിച്ച അണക്കെട്ടാണ് പൊന്മുടി. 294 മീറ്റർ നീളവും 59 മീറ്റർ ഉയരവുമുള്ള ഡാം നിർമാണം 1961ലാണ്‌ പൂർത്തിയാക്കിയത്‌. കൊന്നത്തടി–രാജാക്കാട് പഞ്ചായത്തുകളിലാണ്‌ സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്ന് മൂന്നാറിലേക്ക് 25 കിലോമീറ്റർ മാത്രമേയുള്ളൂ. അണക്കെട്ടിലെ വെള്ളം 3066 മീറ്റർ നീളമുള്ള തുരങ്കത്തിലൂടെ ഒഴുകി 1.7 മീറ്റർ വ്യാസമുള്ള രണ്ട് പെൻസ്റ്റോക്ക് പൈപ്പുകൾവഴി വെള്ളത്തൂവലിൽ മുതിരപ്പുഴക്ക് ഇടതുവശമുള്ള പന്നിയാർ പവർഹൗസിലെത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. 1964 ജനുവരി 26ന് കെഎസ്ഇബിയുടെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിനിലവിൽ വന്നു. ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നാണ് പൊന്മുടി ഡാം ടോപ്പ്. അണക്കെട്ടിന് മുകളിലൂടെ നടന്നും കാഴ്ചകൾ കാണാം, കുതിരസവാരി നടത്താം. ജലാശയത്തോടുചേർന്നുള്ള പാറക്കെട്ടും താഴേക്കുനോക്കിയാൽ കാണുന്ന നീണ്ടുവളയുന്ന റോഡിന്റെ വിദൂരകാഴ്‌ചയും ചേതോഹരം. പഴമയുടെ പെരുമയിൽ 
നിവർന്ന് അമേരിക്കൻ കുന്ന്’ ടൂറിസം മാപ്പിൽ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഏറ്റവുമധികം വാർത്താപ്രാധാന്യം നേടിയതും വിദേശ സഞ്ചാരികൾ അത്ഭുതത്തോടെ കാണുന്നതുമായ ഒരു സ്ഥലമുണ്ട്. രാജാക്കാടിന് സമീപത്തുള്ള കള്ളിമാലി വ്യൂപോയിന്റ്‌. ഇവിടെ നിന്നുള്ള കാഴ്ചകൾ ലോകപ്രശസ്തം. അതിൽ 90 ശതമാനവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു തുരുത്തുണ്ട്. കള്ളിമാലിക്കും പൊന്മുടിക്കും മുനിയറക്കും കൊമ്പൊടിഞ്ഞാലിനും മധ്യേ കിടക്കുന്ന തുരുത്തിന് രസകരമായ ഒരു പേര്‌, അമേരിക്കൻ കുന്ന്. അണക്കെട്ടും ചുറ്റുമുള്ള പച്ചപ്പും പാറക്കെട്ടും പൊന്മുടിയെ കൂടുതൽ സുന്ദരിയാക്കുന്നു. Read on deshabhimani.com

Related News